വൈക്കം
വൈക്കം സത്യഗ്രഹം ചെറുതും വലുതുമായ നിരവധി പോരാട്ടങ്ങളുടെ ഭാഗമായി രൂപപ്പെട്ട സാമൂഹ്യ മുന്നേറ്റത്തിന്റെ പ്രതീകം. സമരത്തിൽ പങ്കെടുത്ത് ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ ജീവിതം മാറ്റിമറിച്ചവരിൽ മറക്കാനാകാത്തവരാണ് രാമൻ ഇളയതും ആമയാടി തേവനും.
മൂവാറ്റുപുഴയിലെ ഇടത്തരം ജന്മിയായിരുന്നു രാമൻ ഇളയത്. 1924ലെ വെളളപ്പൊക്കക്കാലത്ത് കാൽനടയായി വൈക്കത്തെത്തിയ രാമൻ ഇളയത് വെളളത്താൽ മൂടിക്കിടന്ന ക്ഷേത്രത്തിനു മുമ്പിലെ റോഡിൽ ഏതാനും സമരഭടന്മാർക്ക് ഒപ്പം കഴുത്തറ്റം വെളളത്തിൽ സത്യഗ്രഹം തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും രാമൻ ഇളയതും കൂട്ടരും പിന്മാറിയില്ല. ഇതറിഞ്ഞെത്തിയ സവർണ ഗുണ്ടകൾ ഇളയതിന്റെ കണ്ണുകളിൽ ബലാൽക്കാരമായി ചുണ്ണാമ്പെഴുതി. പിന്നീട് ജീവിതാന്ത്യം വരെ ഈ സമരസേനാനി അന്ധനായാണ് ജീവിച്ചത്. നാടുവിട്ട് നിലമ്പൂരിൽ ജീവിച്ച അദ്ദേഹത്തിന് അനാഥനായി മരിക്കേണ്ടിവന്നു.
വൈക്കം സത്യഗ്രഹത്തിൽ സജീവമായി പങ്കെടുത്ത വിപ്ലവകാരിയായിരുന്നു ആമയാടി തേവൻ. പൂത്തോട്ടയ്ക്കടുത്ത് പെരുമ്പളം ദ്വീപിൽ കണ്ണന്റെയും കാളിയുടെയും മകനായാണ് ആമച്ചാടി തേവൻ എന്ന ആമയാടി തേവന്റെ ജനനം. ചെറുപ്പത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട തേവനെ കണ്ണോത്ത് വീട് എന്ന നായർ തറവാട്ടുകാർ എടുത്തുവളർത്തി. ഗാന്ധിയനായിരുന്ന തേവൻ പല ഘട്ടങ്ങളിലും സവർണരുടെ പീഡനങ്ങൾക്കിരയായി. ക്ഷേത്രപ്രവേശന സന്ദേശവുമായി പൂത്തോട്ടയിലെത്തിയ ടി കെ മാധവനുമായി കണ്ടുമുട്ടിയത് വൈക്കം സത്യഗ്രഹ സന്നാഹത്തിന് തുടക്കമിട്ടു. 1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ നീണ്ട വൈക്കം സത്യഗ്രഹത്തിന്റെ ആരംഭം മുതൽ തേവൻ സജീവ പങ്കാളിയായി. സവർണാനുകൂലികൾ കോലാഞ്ഞിൽ ചുണ്ണാമ്പിൽ മുക്കി തേവന്റെ കണ്ണിലേക്ക് കുടഞ്ഞെറിഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് മങ്ങലേൽപ്പിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കൾക്കൊപ്പം തേവനെയും കോട്ടയം ജയിലിലേക്ക് കൊണ്ടുപോയി. അവിടെ പൊലീസുകാരുടെ കൊടിയ മർദനത്തിന് ഇരയാകേണ്ടിവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..