07 February Tuesday
ടാങ്കുകൾ സ്ഥാപിക്കാൻ സർക്കാർ ഭൂമി

40 ശതമാനം വീടുകളിൽ 
കുടിവെള്ള കണക്ഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
കോട്ടയം
ജില്ലയിൽ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്‌ഷൻ നൽകാനായെന്നും ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ 17.23 ശതമാനം പേർക്ക്‌ കുടിവെള്ള കണക്‌ഷൻ നൽകിക്കഴിഞ്ഞുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 
   ജൽ ജീവൻ മിഷൻ പദ്ധതി ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഗ്രാമീണ മേഖലയിൽ 4,82,878 വീടുകളാണുള്ളത്. ഇതിൽ 1,93,163 (40%) പേർക്ക് ഇതിനോടകം കണക്‌ഷൻ നൽകി. ജൽ ജീവൻ മിഷൻ പദ്ധതി തുടങ്ങിയശേഷം 83,219 കുടിവെള്ള കണക്‌ഷൻ നൽകി. 2,89,715 കണക്‌ഷനുകളാണ് ഇനി നൽകാനുള്ളത്. 
   ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നൽകാൻ 3860.34 കോടി രൂപയുടെ ഭരണാനുമതിയാണ്‌ നൽകിയിട്ടുള്ളത്. വൈക്കം നിയോജകമണ്ഡലത്തിൽ 89.5 ശതമാനം വീടുകളിലും  കണക്‌ഷനായി . 
       ജലശുദ്ധീകരണശാലയും ടാങ്കുകളും സ്ഥാപിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ് പ്രധാനവെല്ലുവിളി. സർക്കാരിന്റെ ഭൂമി വിട്ടുനൽകും. ഏറ്റെടുക്കേണ്ട സ്വകാര്യഭൂമി ബഹുജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുത്തുനൽകണമെന്ന് മന്ത്രി പറഞ്ഞു. 
   പൂഞ്ഞാർ, പാലാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലകൾക്കായി മലങ്കരയിൽ നിന്നുള്ള വെള്ളം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് 1224 കോടി രൂപ ചെലവ് വരും. ഭാവിയിലേക്കായി മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാക്കും.   
  ജനുവരിയിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. ജനുവരി അവസാനത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
    ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ സി കെ ആശ, മാണി സി കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, കലക്ടർ ഡോ. പി കെ ജയശ്രീ, സബ് കലക്ടർ സഫ്‌ന നസറുദീൻ,  മന്ത്രി വി എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി കെ  പത്മകുമാർ, ജല അതോറിട്ടി ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിങ് എൻജിനിയർ മുഹമ്മദ് സിദ്ധിഖ്, ജലഅതോറിറ്റി എൻജിനീയർ വി എം  രാജേഷ്  തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top