19 January Tuesday
സർക്കാർ ആശുപത്രിയോടുള്ള ധാരണ മാറി

ഹാപ്പിയാണ്‌ ഞങ്ങൾ ‘സർക്കാരിന്‌ ബിഗ്‌ സല്യൂട്ട്‌’

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കോവിഡ്  മുക്തനായ ആദ്യ വ്യക്തി കുമരകം ചെങ്ങളം കൊമരത്തുംപറമ്പിൽ റോബിനും ഭാര്യ റീനയും മകൾ റീയന്നയും ഫോട്ടോ : കെ എസ് ആനന്ദ്

കോട്ടയം
കോവിഡിൽ നിന്ന്‌ മുക്തനായി ഭാര്യയ്‌‌ക്കും മകൾക്കും മാതാപിതാക്കൾക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്‌ ചെങ്ങളം സ്വദേശി റോബിൻ. സർക്കാർ ആശുപത്രികളെക്കുറിച്ച്‌ തങ്ങൾക്കുണ്ടായിരുന്ന കാഴ്‌ചപ്പാടാണ്‌ കോവിഡിലൂടെ മാറിയതെന്ന്‌ റോബിനും ഭാര്യ റീനയ്‌ക്കും സമൂഹത്തോട്‌ പറയാൻ ഒരുമടിയുമില്ല. 
  ഇരുവരും കോവിഡ്‌ ബാധിതരായെങ്കിലും അഞ്ചുവയസുകാരി  മകൾ റിയന്നയെ രോഗം പിടികൂടിയില്ല. ‘ആശുപത്രി വിട്ട്‌ വീട്ടിലെത്തി ഒരുമാസം പിന്നിട്ടപ്പോൾ മകൾക്ക്‌ ചുമയും കഫക്കെട്ടുമുണ്ടായി. ചികിത്സക്ക്‌ സ്വകാര്യ ആശുപത്രിയിലേക്കാണ്‌ ആദ്യം വിളിച്ചത്‌. തങ്ങൾക്ക്‌ കോവിഡ്‌ ബാധിച്ച കാര്യവും സൂചിപ്പിച്ചു. അൽപ്പം കഴിഞ്ഞ്‌ തിരിച്ചുവിളിച്ച അവർ കുഞ്ഞിനെ ഇവിടെ ചികിത്സിക്കാൻ കഴിയില്ലെന്നും  സർക്കാർ ആശുപത്രിയിൽ എത്തിക്കാനും നിർദേശിച്ചു. ‘സ്ഥിരം സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടിരുന്ന റോബിന്റെ അച്ഛന്റെ ചികിത്സയും ഇപ്പോൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി’ –-    രോഗീപരിചണത്തിൽ ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടൽ എത്രമാത്രം കാര്യക്ഷമമെന്ന്‌ തെളിയിക്കുകയാണ്‌ ഈ ദമ്പതികളുടെ അനുഭവം.   ഇറ്റലിയിൽനിന്ന്‌ എത്തിയ ഭാര്യയുടെ മാതാപിതാക്കളിൽ നിന്നാണ്‌ റോബിനും ഭാര്യയ്‌ക്കും മാർച്ച്‌ പത്തിന്‌ രോഗം പകർന്നത്‌‌. ഇവരെ ഒറ്റപ്പെടുത്തുന്നതും മാനസികമായി തളർത്തുന്നതുമായിരുന്നു പിന്നീടുണ്ടായ പ്രചാരണം‌. സോഷ്യൽമീഡയകളിൽ വന്ന വ്യാജവാർത്തകൾ ചില മാധ്യമങ്ങളും  ഏറ്റുപിടിച്ചതായി റോബിൻ പറയുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ ഇടപെടൽ വലിയ ആശ്വാസം പകർന്നു. അദ്ദേഹമാണ്‌ ആംബുലൻസുമായി എത്തിയത്‌. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ റൂമിൽ 21 ദിവസം കഴിഞ്ഞു. മകൾക്ക്‌ രോഗമില്ലാത്തതിനാൽ അവളെ മാറ്റണമെന്ന്‌ ഡോക്ടർമാരോട്‌ അഭ്യർഥിച്ചു. മരണഭയമായിരുന്നു അപ്പോൾ, അവളെങ്കിലും രക്ഷപ്പെടട്ടെ എന്നാണ്‌‌ ചിന്തിച്ചത്‌–-റോബിനും റീനയും ആ നാളുകൾ ഓർത്തെടുത്തു.  കുട്ടിയെ ഒപ്പം നിർത്താൻ ചികിത്സയ്‌ക്ക്‌ നേതൃത്വം നൽകിയ ഡോ. സജിത്‌കുമാറും ഡോ. ഹരികൃഷ്‌ണനും അനുവദിച്ചു. ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും ശുചീകരണ ജോലിക്കാരുടെയുമെല്ലാം പരിചരണം മറക്കാനാവില്ല. ഞങ്ങൾ പോന്നപ്പോൾ വീട്ടിൽ പ്രായമായ അച്ഛനും അമ്മയും മാത്രമായി. അവർക്ക്‌ എല്ലാ സഹായങ്ങളുമൊരുക്കി തിരുവാർപ്പ്‌ പഞ്ചായത്തധികൃതരും ഒപ്പമുണ്ടായി. എന്നും ഫോണിൽ വിളിച്ച്‌ ധൈര്യം പകർന്ന വി എൻ വാസവൻ  അഭയത്തിന്റെ ഭക്ഷണം എത്തിക്കാനും  ഇടപെട്ടു. വീട്ടിൽ തിരിച്ചെത്തിയശേഷം മന്ത്രി കെ കെ ശൈലജ  ഫോണിൽ വിളിച്ചത്‌ വല്ലാത്തൊരു ധൈര്യം പകർന്നു. ഞങ്ങളുടെ ചികിത്സയ്‌ക്ക്‌ മന്ത്രി ദിവസവും ആശുപത്രിയിൽ ബന്ധപ്പെടുന്നുണ്ടെന്ന്‌ പിന്നീടാണ്‌ അറിഞ്ഞത് –റോബിൻ പറഞ്ഞു.  അടുത്തവർഷം ഇറ്റലിയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലാണ്‌ റോബിനും കുടുംബവും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top