03 December Friday

എയ്‌ഞ്ചൽവാലി നടുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

എരുമേലി പഞ്ചായത്ത് എയ്ഞ്ചൽവാലിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വെളളത്തിന്റെ ഒഴുക്ക്

എരുമേലി
മലയോരമേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ. കൂട്ടിക്കലിനും കൊക്കയാറിനും പിന്നാലെ മലവെള്ളം കുതിച്ചെത്തി നാശം വിതച്ചത്‌ എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകൾപ്പെടുന്ന എയ്‌ഞ്ചൽവാലി, പമ്പാവാലി മേഖലയിൽ. ആളയപായമില്ലെങ്കിലും നിരവധി വീടുകൾ വെള്ളം കയറി തകർന്നു. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും ഒഴുകിപ്പോയി. പ്രളയഭീതി കണക്കിലെടുത്ത്‌ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റിപ്പാർപ്പിച്ചു.
   വ്യാഴം വൈകിട്ട്‌ നാലരയോടെയാണ്‌ നാട്‌ നടുങ്ങിയ ഉരുൾപൊട്ടൽ. എഴുകുമണ്ണ്‌, ആറാട്ടുകയം, ഇഞ്ചപ്പാറ, കണമല എന്നിവിടങ്ങളിലടക്കം എട്ടിടങ്ങളിൽ ഉരുൾപൊട്ടിയെന്നാണ്‌ പ്രദേശവാസികൾ നൽകുന്ന വിവരം. സെന്റ്‌മേരീസ്‌ പള്ളി സ്ഥിതിചെയ്യുന്ന പള്ളിപ്പടി, വളയത്തുപടി മേഖലയിലാണ്‌ കനത്തനാശം. ഇവിടെ തോടുനിറഞ്ഞ്‌ കവിഞ്ഞ്‌ വീടുകളിലേക്ക്‌ വെള്ളംകയറി. റോബിൻ എന്നയാളുടെ ഓട്ടൊറിക്ഷയാണ്‌ ഒലിച്ചുപോയത്‌. നാലുകടകളിലും വെള്ളം കയറി. ഷിബു അരുവിപ്പറമ്പിൽ, എബ്രഹാം പൊങ്ങന്താനം, ടോമി, ജോമി എന്നിവരുടെ വീടുകൾ തകർന്നു. ആറിലേറെ വീടുകൾ ഭാഗികമായും തകർന്നു. പൊലീസ്‌, ഫയർഫോഴ്‌സ്‌, ദുരന്തനിവാരണസേന എന്നിവർ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ രക്ഷാപ്രവർത്തനം നടത്തുന്നതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ ജോർജുകുട്ടി പറഞ്ഞു.  
   വീടുകളിലും വെള്ളം കയറിയതോടെ പാത്രങ്ങൾ ഒഴുകി പോയി. പലയിടങ്ങളിലും റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്‌ അപകടഭീഷണി ഉയർത്തുന്നു. പമ്പാനദി കരകവിഞ്ഞതും ആശങ്കയുണർത്തുന്നു. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചിരിക്കയാണ്‌. വനമേഖലയിലാണ്‌ ഉരുൾപൊട്ടലിന്‌ തുടക്കമെന്ന്‌ പ്രദേശവാസിയും മുൻപഞ്ചായത്തംഗവുമായ ഒറ്റനെല്ലൂർ സിബി സെബാസ്‌റ്റ്യൻ പറഞ്ഞു. വളയത്തിൽ സോജന്റെ വീടിന്‌ പിന്നിലൂടെ മലവെള്ളം കുതിച്ചെത്തി. എന്നാൽ വീടിനുകേടുപാടില്ല. ഇദ്ദേഹത്തിന്റെ കൃഷിനശിച്ചു. ഒട്ടേറെയാളുകളുടെ കൃഷി നശിച്ചതായാണ്‌ പ്രാഥമിക വിവരം.    കനത്ത മഴയാണ് മലയോരമേഖലയിൽ ഉണ്ടായത്. എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ്, സെന്റ് തോമസ് സ്കൂൾ കവല എന്നിവിടങ്ങളിലും വെള്ളംകയറി. വലിയമ്പലം തോട്ടിലെ വെള്ളമാണ് കനത്തമഴയിൽ റോഡിലേക്ക് കയറിയത്‌. തഹസിൽദാർ, ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ്ചെയ്‌ത്‌ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
മൂഴിക്കലിൽ
വ്യാപക നാശം
കോരുത്തോട്
വ്യാഴാഴ്ചത്തെ കനത്ത മഴയിൽ മൂഴിക്കൽ മേഖലയിൽ ഉരുൾപൊട്ടി വ്യാപക നാശം. നിരവധിയാളുകളുടെ കൃഷിഭൂമി ഒലിച്ചുപോയി. വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു.
പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ, മുക്കുഴി, പാറാംതോട്, തടിത്തോട് മേഖലകളിലാണ് നാശം. കുറ്റിക്കയം തടത്തിൽ സുരേഷിന്റെ വീടിന്റെ ശുചിമുറിയും 
വീടിന്റെ ഒരുഭാഗവും ഒലിച്ചുപോയി. മുക്കുഴി കൊച്ചുപുരയ്ക്കൽ സജിമോന്റെ വീട് അപകടാവസ്ഥയിലായി. വനമേഖലയിൽ ശക്തമായ മഴപെയ്തതിനെ തുടർന്ന്  ഉരുൾപൊട്ടി കൈത്തോടുകളിലുടെ വന്ന് കൃഷിഭൂമികൾ നശിച്ചു.
 മൂഴിക്കൽ- മുക്കുഴി റോഡിൽ ഗതാഗതം സ്തംഭിച്ചു. പതിനഞ്ചോളം കർഷകർക്കാണ് ഏറെ നാശമുണ്ടായത്. രണ്ടര മണിക്കൂർ ശക്തമായി പെയ്ത മഴയാണ് നാശം വിതച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top