08 August Saturday
താക്കോൽ കൈമാറി

ബിജുവും കുടുംബവും പുതിയ വീട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

സിപിഐ എം ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റി ബിജുവിനും കുടുംബത്തിനുമായി നിർമിച്ച വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ, അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ എന്നിവർ ചേർന്ന്‌ കൈമാറുന്നു

 ഏറ്റുമാനൂർ 

നിലംപൊത്താറായ കൂരയിൽനിന്ന്‌ പുതുവീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ്‌ മഴുവനാക്കുന്ന് പാലാപ്പടിക്കൽ ബിജുവും കുടുംബവും. അടച്ചുറപ്പുള്ള വീടെന്ന കുടുംബത്തിന്റെ 12 വർഷം നീണ്ട സ്വപ്‌നമാണ്‌ യാഥാർഥ്യമായത്‌. ഭാര്യ ശോഭന, അമ്മ ത്രേസ്യാമ്മ, മക്കളായ ആദിത്യൻ, നിത്യ, സത്യാധരൻ എന്നിവരടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. കൂലിപ്പണിയിൽനിന്ന്‌ ബിജുവിന് ലഭിക്കുന്ന ചെറിയ വരുമാനം മാത്രമാണ്‌ ആശ്രയം. വീട് നിർമിക്കാൻ അടിത്തറയിട്ടിട്ട്‌ വർഷങ്ങൾ പിന്നിട്ടു. ഇതിനുമുകളിൽ പടുതയും ഷീറ്റും ഉപയോഗിച്ച് കൂരകെട്ടി 12 വർഷമായി ഇവർ കഴിയുന്നു.
ഇതറിഞ്ഞ സിപിഐ എം ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റിയാണ്‌ ബിജുവിന്‌ പുതുവീടൊരുക്കിയത്‌. 9.5 ലക്ഷം രൂപ ചെലവഴിച്ചാണ്‌ മൂന്നര സെന്റിൽ 650 സ്‌ക്വയർ ഫീറ്റ്‌ വീട്‌ നിർമിച്ചത്‌.
സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ എന്നിവർ ചേർന്ന് താക്കോൽ കൈമാറി. ലോക്കൽ സെക്രട്ടറി ടി വി ബിജോയി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം കെ എൻ രവി, ഏരിയ കമ്മിറ്റിയംഗങ്ങളായ ഗീതാ ഉണ്ണികൃഷ്ണൻ, ജോണി വർഗീസ്, പി എസ് അനിയൻ, പി എൻ സാബു, ഭവന നിർമാണ കമ്മിറ്റി ചെയർമാൻ പി എസ് വിനോദ് എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ ജോജോ പാലമറ്റത്തിനെ ആദരിച്ചു.
ബിജുവിന്റെ മക്കൾക്ക് ഓൺലൈൻ പഠന സഹായത്തിനായി ഡിവൈഎഫ്ഐ ഏറ്റുമാനൂർ മേഖല കമ്മിറ്റി ടിവി നൽകി. ഭവന നിർമാണ കമ്മിറ്റി കൺവീനർ ഇ എസ് ബിജു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top