15 December Sunday
കേരള കോൺഗ്രസ‌് പിളർപ്പ‌്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് സ്ഥാനം: യുഡിഎഫിൽ ഭിന്നത

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

 കോട്ടയം

കേരള കോൺഗ്രസ‌് എമ്മിലെ പിളർപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് സ്ഥാനത്തെ ചൊല്ലി  യുഡിഎഫിൽ ഭിന്നത രൂക്ഷം. പിളർന്ന കേരളാ കോൺഗ്രസിന് പ്രസിഡന്റ‌് സ്ഥാനം വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിലെ ഒരുവിഭാഗം രംഗത്തെത്തി. അതേസമയം ധാരണ പ്രകാരമുള്ള അധികാര കൈമാറ്റവും പാർടിയിലെ പിളർപ്പും തമ്മിൽ ബന്ധമില്ലെന്ന് കേരള കോൺഗ്രസ് എം നേതാക്കൾ പറഞ്ഞു. ഇതോടെ കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പ്  ജില്ലാ പഞ്ചായത്ത‌് ഭരണത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിയായി. 
യുഡിഎഫിലെ ധാരണ അനുസരിച്ച് ജൂലൈ ഒന്നു മുതൽ കേരള കോൺഗ്രസ‌് എമ്മിന‌് പ്രസിഡന്റ‌് സ്ഥാനം നൽകണം. എന്നാൽ പ്രസിഡന്റായി ഇതുവരെയും ആരെയും തീരുമാനിക്കാൻ കേരള കോൺഗ്രസ‌് എമ്മിനായിട്ടില്ല. ജോസ‌് കെ മാണിയുടെയും പി ജെ ജോസഫിന്റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായി പിളർന്നു നിൽക്കുന്ന കേരളാ കോൺഗ്രസിന് ഇപ്പോൾ പ്രസിഡന്റ‌് സ്ഥാനം കൈമാറിയാൽ അത‌്  നിയമക്കുരുക്കിലേക്ക‌് പോകുമെന്നാണ‌് കോൺഗ്രസ് വാദം. ചെയർമാൻ പദവിയെച്ചൊല്ലി ഉണ്ടായ തർക്കം ആദ്യം തീർക്കട്ടെ എന്നാണ‌് കോൺഗ്രസ‌് നേതാക്കൾ പറയുന്നത‌്.
 തർക്കംമൂലം വിപ്പ് ആര് നൽകുമെന്ന് കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ‌്. ഈ സാഹചര്യത്തിൽ തൽക്കാലം പ്രസിഡന്റ‌് സ്ഥാനം കൈമാറേണ്ടെന്ന നിലപാടിലാണ‌് കോൺഗ്രസ്. 
22 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് ആറും അംഗങ്ങളാണ് ഉള്ളത്. ആറ് പേരും ജോസ് കെ മാണി പക്ഷത്തിനൊപ്പമാണ്. എന്നാൽ ചെയർമാൻ പദവിയെച്ചൊല്ലിയുള്ള തർക്കം  കോടതിയുടെയും തെരഞ്ഞെടുപ്പ‌് കമീഷന്റെയും പരിഗണനയിലായതിനാൽ ഔദ്യോഗികമായി ഇരുവിഭാഗത്തിനും തീരുമാനം എടുക്കാനാകില്ല. എൽഡിഎഫിന് ഏഴും ജനപക്ഷത്തിന് ഒരംഗവുമുണ്ട്. മുമ്പ‌് മാണി വിഭാഗം യുഡിഎഫ് വിട്ടപ്പോൾ എൽഡിഎഫ‌് പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ഭരണത്തിൽനിന്ന‌് കോൺഗ്രസിനെ പുറത്താക്കിയിരുന്നു.
പി ജെ ജോസഫിന‌് ഉമ്മൻ ചാണ്ടിയും കോൺഗ്രസും പിന്തുണ നൽകുന്നതിൽ ജോസ‌് കെ മാണി വിഭാഗത്തിന‌് കടുത്ത അമർഷമുണ്ട‌്. പാർടിയിലെ ആറ് അംഗങ്ങളും ജോസ് കെ മാണി പക്ഷത്തായതും കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട‌്. അതേസമയം കേരളാ കോൺഗ്രസിൽ സഖറിയാസ് കുതിരവേലിലും സെബാസ്റ്റ്യൻ കുളത്തിങ്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് സ്ഥാനത്തിനായി രംഗത്തുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top