മുണ്ടക്കയം
തൊടിനിറയെ ബന്തിപ്പൂക്കൾ, തേൻനുകരാൻ ശലഭക്കൂട്ടം, കാവലായി കുരുന്നുകരങ്ങളും മനസ്സും. ചെടികളും മരങ്ങളും പൂത്തുനിൽക്കുന്ന വസന്തകാല സ്‌മരണകൾ ഉള്ളിൽ അലയടിച്ചുയരും. ഇഞ്ചിയാനി ഹോളിഫാമിലി ഹൈസ്കൂൾ വളപ്പിലാണ് ഇനിയും പൊഴിയാത്ത വസന്തത്തിന്റെ മനോഹര ദൃശ്യം. സ്കൂൾവളപ്പിലെ ഒരേക്കറിൽ പച്ചക്കറിക്കൊപ്പം വസന്തംവിരിയിച്ച് ബന്തിയും പൂത്തുലഞ്ഞുനിൽക്കുന്നു. ബന്തിപ്പൂ രാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രങ്ങൾക്ക് നൽകും. പയർ, വെണ്ട, വഴുതന, വെള്ളരി, പച്ചമുളക് തുടങ്ങിയ ഇനം പച്ചക്കറികളും വിളഞ്ഞുനിൽക്കുന്നു. കഴിഞ്ഞവർഷം മികച്ച സ്കൂൾ കൃഷിയിടത്തിനുള്ള രണ്ടാം സ്ഥാനം ഇഞ്ചിയാനി സ്‌കൂളിനായിരുന്നു. പൂകൃഷി വിളവെടുപ്പ് ജില്ലാപഞ്ചായത്തംഗം പി ആർ അനുപമ ഉദ്‌ഘാടനംചെയ്തു. ജില്ലാ ആസൂത്രണ സമിതിയംഗം കെ രാജേഷ്, സ്കൂൾ മാനേജർ ഫാദർ ജോസഫ് കല്ലുപറമ്പത്ത്, ഷീലു ഡൊമിനിക്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷാൻ ടി ജോസഫ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ റോഷൻ വെള്ളൂർ, ഷാരോൺ തോളത്തിൽ, ജെഫിൻ നിരപ്പേൽ, അലക്സ് കല്ലംമാക്കൽ, ജോയൽ ചിലമ്പിക്കുന്നേൽ, ഹെലൻ നെയ്‌വേലിക്കുന്നേൽ എന്നിവർക്കാണ് പൂകൃഷിയുടെ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..