ചിങ്ങവനം
പലകയും ഷീറ്റുംകൊണ്ട് മറച്ച കൂരയിൽനിന്ന് അടച്ചറപ്പുള്ള വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷത്തിലാണ് ചിങ്ങവനം എഫ്എസിടി കടവിന് സമീപം കല്ലുതറവീട്ടിൽ കെ എം മാർക്കോസും(കുഞ്ഞുമോൻ) ഭാര്യ കുഞ്ഞുമോളും.
കർഷകത്തൊഴിലാളികളായ ഇവർക്ക് സ്വന്തം വീടെന്നത് വിദൂര സ്വപ്നമായിരുന്നു. സിപിഐ എം സംസ്ഥാന സമ്മേളന തീരുമാന പ്രകാരം ചിങ്ങവനം ലോക്കൽ കമ്മിറ്റിയാണ് ഇവർക്ക് വീടുവച്ച് നൽകിയത്. സുമനസ്സുകളും സഹായത്തിനെത്തി. രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നിവയടങ്ങുന്ന വീട് ഏഴ് ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചത്. 2018ൽ നിർമാണം ആരംഭിച്ചെങ്കിലും പ്രളയവും വെള്ളപ്പൊക്കവും മൂലം പൂർത്തിയാക്കാൻ വൈകി. ടി എം രാജൻ ചെയർമാനും പി പി ജോയി കൺവീനറുമായുള്ള ഭവന നിർമാണ കമ്മിറ്റി എല്ലാ പ്രതിസന്ധികളെയും തരണംചെയ്താണ് വീട് പണിത് താക്കോൽ കൈമാറിയത്.
ചിങ്ങവനം എഫ്എസിടി കടവിന് സമീപം നടന്ന പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ താക്കോൽ കൈമാറി. ചെയർമാൻ ടി എം രാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം കെ പ്രഭാകരൻ, നഗരസഭാ കൗൺസിലർ പി എം ജയിംസ്, കേരളാ പ്രാവസിസംഘം ജില്ലാ സെക്രട്ടറി കെ ജി അജിത്ത് എന്നിവർ സംസാരിച്ചു. കൺവീനർ പി പി ജോയി സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പി പി അനിയച്ചൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..