17 January Sunday

കരുതലിന്‌ പേര്‌ കെയർ ഹോം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

 കോട്ടയം

‘ദേ ഇവിടൊരു രണ്ടുമുറി വീടായിരുന്നു. വെള്ളം കയറിയും മരംവീണും എപ്പോൾ വേണേലും നിലംപൊത്താറായത്‌. പുതുക്കിപ്പണിയാൻ നിവൃത്തിയില്ലാതെ കഴിയുമ്പോഴാണ്‌ ഈ വീടുകിട്ടിയത്‌. ഒന്നിനും ഒരു താമസവും വന്നില്ല. ഏഴുമാസംകൊണ്ട്‌ കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടായി.’ വേളൂർ പുതശേരി ചിറയിലെ ജയപ്രകാശ്‌ പറഞ്ഞു. കാരാപ്പുഴ സർവീസ്‌ സഹകരണ ബാങ്കാണ്‌ 69കാരനായ ജയപ്രകാശിന്‌ കെയർഹോം പദ്ധതിയിൽ വീടുനിർമിച്ച്‌ നൽകിയത്‌. അഞ്ച്‌ ലക്ഷം രൂപ ചെലവിൽ രണ്ട്‌ കിടപ്പുമുറിയും ഹാളും അടുക്കളയും ശുചിമുറയുമടങ്ങുന്ന വീട്‌. വെള്ളം കയറാതിരിക്കാൻ തറനിരപ്പ്‌ ഉയർത്തിയാണ്‌ നിർമാണം.
ലൈഫ്‌ പദ്ധതിയ്‌ക്കൊപ്പം ജയപ്രകാശിനെപ്പോലെ നിരവധിപേർക്കാണ്‌ സഹകരണ വകുപ്പിന്റെ കെയർഹോം തണലാവുന്നത്‌. ഒന്നാംഘട്ടത്തിൽ 83 വീടുകളാണ്‌ ജില്ലയിൽ സഹകരണ വകുപ്പ്‌ നിർമിച്ചുനൽകിയത്‌. വൈക്കം താലൂക്കിൽ 60ഉം കോട്ടയം താലൂക്കിൽ 13ഉം ചങ്ങാശേരി താലൂക്കിൽ 10ഉം വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. പദ്ധതികൾക്കായി സഹകരണസംഘങ്ങൾ 5.05 കോടി രൂപ സംഭാവന നൽകി. രണ്ടാംഘട്ട നിർമാണങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. 
വീടുനിർമാണത്തിനൊപ്പം ക്ഷേമപെൻഷൻ വിതരണവും കോവിഡ്‌ കാല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മുറ്റത്തെ മുല്ല പദ്ധതിയിൽ 40 സംഘങ്ങൾ വഴി 377 കുടുംബശ്രീ യൂണിറ്റുകൾ വഴി 19.50 കോടി രൂപ വായ്‌പ നൽകി. ഇതിൽ 19.50 കോടി രൂപ കുടുംബശ്രീ യൂണിറ്റുകൾ 4253 കുടുംബങ്ങൾക്ക്‌ വിതരണംചെയ്‌തു. 338 വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ ടിവി നൽകി. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക്‌ കോവിഡ്‌ പാക്കേജിന്റെ ഭാഗമായി 1000 രൂപ വീട്ടിലെത്തിച്ചു. 7.55 കോടി രൂപയാണ്‌ വിതരണം ചെയ്‌തത്‌. മുഖ്യമന്ത്രിയുടെ സഹായ ഹസ്‌തം പദ്ധതിയിൽ 29.07 കോടി രൂപയും അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top