05 December Thursday

കാലാവസ്ഥാ വ്യതിയാന പഠനം ദുരന്ത 
ആഘാതം കുറയ്ക്കും: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
കോട്ടയം
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും ദുരന്തആഘാതം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷണം സഹായിക്കുമെന്ന് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നാം നേരിടുകയാണ്. വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും ഇവ ലഘൂകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ആഴമേറിയ പഠനവും ഗവേഷണവും ആവശ്യമാണ്. ഇതിന് പഠനകേന്ദ്രം സഹായകമാകും. കെട്ടിടനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
  പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. മന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്തു. 
  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയർ പി ശ്രീലേഖ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.
വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻകുട്ടി, കാലാവസ്ഥ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ രാജേന്ദ്രൻ, സിഡബ്ല്യുആർഡിഎം എക്‌സിക്യൂട്ടിവ് ഡയറക്ടർ മനോജ് പി സാമുവൽ, ബ്ലോക്ക് പഞ്ചായത്തംഗം ദീപ ജീസസ്, പഞ്ചായത്തംഗം സാറാമ്മ തോമസ്, രാഷ്ട്രീയകക്ഷി പ്രതിനിധി  ബാബു മണിമലപറമ്പിൽ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ സാബു എന്നിവർ സംസാരിച്ചു.
  വടവാതൂരിൽ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന് സർക്കാർ അനുവദിച്ചുനൽകിയ സ്ഥലത്താണ് കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോട്ടയം ഉപകേന്ദ്രം എന്നിവയ്ക്കായി കെട്ടിടം നിർമിക്കുന്നത്. രണ്ടു ബേസ്‌മെന്റ് നിലകൾ ഉൾപ്പടെ നാലുനില കെട്ടിടമാണ് നിർമിക്കുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top