28 November Sunday

വാക്‌സിനെടുത്തവർ
94 ശതമാനം

ബിജി കുര്യൻUpdated: Wednesday Oct 27, 2021

ആദ്യം ആരോഗ്യപാഠം... കലാലയങ്ങളിൽ മുഴുവൻ ക്ലാസുകളും ചൊവ്വ മുതൽ തുടങ്ങി. നേരിട്ടെത്തി വിദ്യാർഥികൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം .കോട്ടയം സിഎംഎസ്‌ കോളേജ്‌ ക്യാമ്പസിൽ വിദ്യാർഥികൾക്ക്‌ കോവിഡ്‌ വാക്‌സിൻ നൽകുന്ന ആരോഗ്യപ്രവർത്തക ഫോട്ടോ :ജിഷ്ണു പൊന്നപ്പൻ

 
കോട്ടയം
കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 23 ലക്ഷത്തിലേക്ക്‌ എത്തിച്ച്‌ കോട്ടയത്തിന്റെ കുതിപ്പ്‌. ഇതുവരെ ആകെ 22,83,432 പേർ കുത്തിവയ്‌പ്പെടുത്തു. ജില്ലയിൽ 94 ശതമാനം ആളുകൾക്ക്‌ വാക്‌സിൻ ലഭിച്ചു. എറണാകുളവും തിരുവനന്തപുരവുമാണ്‌ മുന്നിൽ. കോട്ടയത്ത്‌ ആദ്യഡോസ്- 14,74,120 പേരും രണ്ടാംഡോസ് 8,09,312 പേരും സ്വീകരിച്ചു.
‘സാർവത്രിക വാക്‌സിനേഷനി’ൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്‌ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന്‌ ജില്ലാ ആരോഗ്യവകുപ്പിൽ വാക്‌സിനേഷൻ ചുമതലയുള്ള റിപ്രൊഡക്‌ടീവ്‌ ആൻഡ്‌ ചൈൽഡ്‌ ഹെൽത്ത്‌ ഓഫീസർ ഡോ. സി ജെ സിതാര ദേശാഭിമാനിയോട്‌ പറഞ്ഞു. കോവിഷീൾഡും കോവാക്‌സിനും എടുത്ത എല്ലാ പ്രായവിഭാഗക്കാരും ഉൾപ്പെട്ടതാണ്‌ കണക്ക്‌. ഔദ്യോഗിക കണക്കുപ്രകാരം ജില്ലയിലെ ജനസംഖ്യ 19,74,551 ആണ്‌. 2020 ഡിസംബറിലെ ആധാർ അനുസരിച്ച്‌ ജില്ലയിലെ ജനസംഖ്യ 20,83,152 ഉം. ഇവർക്ക്‌ പുറമേ ജില്ലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളടക്കമുള്ളവർ ഇവിടെ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്‌. ആഗസ്‌ത്‌ ആദ്യവാരത്തിൽ ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവർ 13 ലക്ഷമായിരുന്നു. കേവലം- മൂന്ന്‌ മാസത്തിൽ ഒമ്പത്‌ ലക്ഷത്തിലേറെപ്പേർക്ക്‌ പ്രതിരോധ കുത്തിവയ്‌പ്പെടുത്താണ്‌ ജില്ലയുടെ കുതിപ്പ്‌. 
 
കോളേജുകളിൽ വാക്‌സിനേഷൻ
ക്യാമ്പ്
കോട്ടയം
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോളേജുകളിൽ കോവിഡ് 19 വാക്‌സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു. ആദ്യ ക്യാമ്പ് ചൊവ്വാഴ്‌ച കോട്ടയം സിഎംഎസ് കോളജിൽ നടന്നു. 96 പേർ വാക്‌സിൻ സ്വീകരിച്ചു. ഇവരിൽ 17 പേർ ഒന്നാം ഡോസും 79 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.  
കോളേജുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകൾക്കായി എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കോ പ്രിൻസിപ്പൽമാർക്കോ 9447766689 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന്‌ ഡിഎംഒ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top