26 October Monday

ആൾക്കൂട്ട സമരം: 37 പൊലീസുകാർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 കോട്ടയം

കോവിഡ്‌ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി നടത്തുന്ന ആൾക്കൂട്ട സമരങ്ങളുടെ ഇരകളായി പൊലീസ്‌ സേനാംഗങ്ങൾ. പൊലീസും മനുഷ്യരാണെന്ന പരിണഗനയില്ലാതെയാണ്‌ സമരക്കാർ ഉന്തിയും തള്ളിയും പ്രകോപനം സൃഷ്ടിച്ചും ബാരിക്കേഡുകൾ തകർത്തും കോവിഡ്‌ പരത്തുന്നത്‌.  
 ഒരുമാസത്തിനിടെ ജില്ലയിൽ കോവിഡ്‌ ബാധിതരായ പൊലീസുകാരുടെ എണ്ണം 37 ആയി ഉയർന്നു. കോവിഡ്‌ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതുമൂലം പൊലീസുകാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 740 പേർ ക്വാറന്റൈയിനിലായി. കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു, ബിജെപി, യുവമോർച്ച എന്നീ സംഘടനകളാണ്‌ സമരം ചെയ്‌ത്‌  ‌ പൊലീസുകാർക്ക്‌ കോവിഡ്‌ നൽകിയത്‌. പ്രകോപനം സൃഷ്ടിക്കണമെന്ന്‌ നേതാക്കൾ   നിർദേശം നൽകുന്നതിനാൽ പ്രവർത്തകരും സമനിലതെറ്റുകയാണ്‌.
 മാസ്‌കും കൈയുറകളും ധരിച്ചാണ്‌ പൊലീസ്‌ ജോലി ചെയ്യുന്നതെങ്കിലും കോവിഡ്‌ 
 മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരങ്ങളെല്ലാം ആൾക്കൂട്ട ബഹളങ്ങളാണ്‌. സമരക്കാരിൽ കോവിഡ്‌ രോഗികളുടെ സമ്പർക്കപ്പട്ടികയിൽ പെട്ടവരുണ്ട്‌‌. പൊലീസിന്റെ മനോവീര്യം തകർക്കുന്ന തരത്തിലാണ്‌ ഇത്തരം സമരക്കാരുടെ ഇടപെടൽ. കലക്ടറേറ്റിലേക്ക്‌ നടത്തിയ സമരമാണ്‌ പലപ്പോഴും അക്രമാസക്തമായത്‌. തിരുവോണത്തലേന്ന്‌ യൂത്ത്‌ കോൺഗ്രസും യുവമോർച്ച പ്രവർത്തകരും സംഘടിച്ചെത്തി പൊലീസുമായി ഏറ്റുമുട്ടി. അന്ന്‌ ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ കഴിഞ്ഞദിവസവും സമാനരീതിയിൽ ഏറ്റുമുട്ടലും ജലപീരങ്കി പ്രയോഗവുമുണ്ടായി. കഴിഞ്ഞ ഒരാഴ്‌ച മാത്രം ഒമ്പത്‌ പൊലീസുകാർക്കാണ്‌ കോവിഡ്‌ പോസിറ്റീവായത്‌. നിലവിൽ പത്തുപേർ ചികിത്സയിലുണ്ട്‌. മൊത്തം രോഗബാധിതരായവരുടെ പട്ടികയിൽ ഒമ്പത്‌ ഉയർന്ന‌ ഓഫീസർമാരുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top