09 July Thursday

കലക്ടർ പി കെ സുധീര്‍ബാബു 31ന് വിരമിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

പി കെ സുധീർ ബാബു

 

കോട്ടയം
മഹാപ്രളയത്തിനുശേഷമുള്ള പുനർനിർമാണം മുതൽ കൊറോണ പ്രതിരോധംവരെ നീണ്ട 17 മാസങ്ങൾ. എല്ലാം വിജയകരമായി പൂർത്തീകരിച്ച് 31ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കെ കലക്ടർ പി കെ സുധീർ ബാബു കോട്ടയംകാരുടെ നല്ല മനസിന് നന്ദിപറയുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും നൽകിയ പിന്തുണയാണ് ഇവിടുത്തെ സേവനകാലം തൃപ്തികരമായി പൂർത്തിയാക്കാൻ സഹായിച്ചതെന്ന്‌ അദ്ദേഹം പറയുന്നു. 
ജില്ലയുടെ 45-ാമത് കലക്ടറായി 2018 ഡിസംബർ 27 നാണ് കണ്ണൂർ ധർമ്മടം സ്വദേശിയായ സുധീർ ബാബു ചുമതലയേറ്റത്. ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ–--ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ലൈഫ് ഭവന പദ്ധതി പൂർത്തീകരണം, പാലാ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയിൽ നിർവഹിച്ചു. കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ ഇന്നുവരെ രാപ്പകൽ വ്യത്യാസമില്ലാതെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ച ഇദ്ദേഹം മൂന്നാം ഘട്ടത്തിൽ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമ്പോഴാണ് കോട്ടയത്തുനിന്ന്‌ മടങ്ങുന്നത്.
സാമൂഹ്യനീതി വകുപ്പിൽ ജില്ലാ പ്രൊബേഷൻ ഓഫീസറായാണ് സർവീസിൽ പ്രവേശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ ഓഫീസർ, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ്‌ ഡയറക്ടർ എന്നീ പദവികൾ വഹിച്ചശേഷം ഡെപ്യൂട്ടി കലക്ടറായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, തൃശൂർ ആർഡിഒ, കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ, മൂന്നാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. സുബിതയാണ് ഭാര്യ.  മക്കൾ: അർജുൻ, ആനന്ദ്.
 
 

 

പ്രധാന വാർത്തകൾ
 Top