17 January Sunday

വൈക്കത്തഷ്ടമിക്ക് നാളെ കൊടിയേറും

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020
വൈക്കം
വൈക്കം മഹാദേവ ക്ഷേത്രത്തിൽ പന്ത്രണ്ട് ദിനരാത്രങ്ങൾ നീളുന്ന അഷ്ടമി ഉത്സവാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികാരികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 ന് രാവിലെ 6.30 നും 7.40 നും ഇടയ്‌ക്ക്‌ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി  കൊടിയേറ്റും. തന്ത്രി കിഴക്കിനേടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി സഹകാർമികനാകും. ഡിസംബർ 8 ന് പുലർച്ചെ 4.30 നാണ്  അഷ്ടമി ദർശനം.
   ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കും.  ആചാരങ്ങളും അനുഷ്ഠാനങ്ങളും തനിമ കെടാതെ നടത്തും. ഏഴാം ഉത്സവദിവസം മുതൽ 12 -‐ാം ഉത്സവം വരെ നടത്താറുള്ള ഊട്ടുപുരമാളികയിലെ പ്രാതൽ ഒഴിവാക്കി. ആചാരങ്ങളുടെ ഭാഗമായി നിവേദ്യ പ്രാതൽ മാത്രമേ നടക്കൂ. ദർശന സമയത്ത് പറസമർപ്പിക്കുന്നതിന് സൗകര്യം അനുവദിക്കും. അയ്യപ്പഭക്തരെ ക്ഷേത്രത്തിനകത്ത് വിരിവയ്ക്കാൻ അനുവദിക്കില്ല. എഴുന്നള്ളിപ്പുകൾക്ക് ഒരു ആന മാത്രമേ ഉണ്ടാകൂ. തെക്കുംചേരിമേൽ എഴുന്നള്ളിപ്പിനും, വടക്കുംചേരിമേൽ എഴുന്നള്ളിപ്പിനും ഭഗവാന്റെ തിടമ്പേറാൻ ഒരു ആനമാത്രമേ ഉണ്ടാകൂ. എഴുന്നള്ളിപ്പ് കടന്നുപോകുന്ന വീഥികളിൽ പറ സമർപ്പണം ഒഴിവാക്കി. ഉത്സവദിവസങ്ങളിൽ കിഴക്കേനടയിൽ കൂടിമാത്രമേ പ്രവേശനം അനുവദിക്കൂ. വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് കടന്നുവരുന്നതിന് വടക്കേ ഗോപുരനട തുറക്കും. ഈ സമയത്ത് കിഴക്കേ ഗോപുരനട അടച്ചിടും.
 വിവിധ സമുദായ സംഘടനകളുടെ താലപ്പൊലികൾ ഒഴിവാക്കി. ഏഴാം ഉത്സവദിവസം ഋഷഭവാഹന എഴുന്നള്ളിപ്പിന് അകമ്പടി ആനകൾ ഉണ്ടാകില്ല. ഋഷഭവാഹനം കീഴ്പതിവുകൾ പോലെ ആചാരപൂർവ്വം മുളന്തണ്ടിൽ എഴുന്നള്ളിക്കും. 5, 6, 8, 11 ഉത്സവദിവസങ്ങളിലെ ഉത്സവബലി ദർശനം ആചാരപൂർവ്വം നടക്കും. ഡിസംബർ 9 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top