17 January Sunday

ജില്ലാ ആസ്ഥാനം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

 ചെറുതോണി

ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന പൈനാവ് ഡിവിഷൻ നിലനിർത്താൻ ചിട്ടയായ പ്രവർത്തനങ്ങളുമായി എൽഡിഎഫ് മുന്നോട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ലിസമ്മ സാജൻ ജയിച്ചുകയറിയ ഡിവിഷൻ വർധിത ഭൂരിപക്ഷത്തോടെ നിലനിർത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യം. വാഴത്തോപ്പ് പഞ്ചായത്തിലെ 13 വാർഡുകളും മരിയാപുരം, കാമാക്ഷി പഞ്ചായത്തുകൾ പൂർണമായും ഇരട്ടയാർ പഞ്ചായത്തിലെ ചെമ്പകപ്പാറ പ്രദേശത്തെ രണ്ടുവാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. വികസനമുന്നേറ്റവും പട്ടയപ്രശ്നത്തിന് പരിഹാരം കണ്ടതുമാണ് എൽഡിഎഫ് ജനങ്ങളുമായി പങ്കുവയ്‌ക്കുന്നത്. ജില്ലാ ആസ്ഥാനത്തും മരിയാപുരത്തും കാമാക്ഷിയിലുമെല്ലാം ഉണ്ടായ വികസനവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്‌ എൽഡിഎഫ്‌ ക്യാമ്പ്‌. എസ്‌സി സംവരണ ഡിവിഷനായ ഇവിടെ പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ ജി സത്യനെ രംഗത്തിറക്കിയാണ് എൽഡിഎഫ് ആദ്യഘട്ടത്തിൽ തന്നെ ബഹുദൂരം മുന്നിലെത്തിയത്. 
വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റിയംഗവുമായ സത്യൻ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ചുമതലയും വഹിക്കുന്നു. പരന്ന വായനയും പുസ്‌തകശേഖരവുമുള്ള സത്യൻ മികച്ച വാഗ്മിയും സംഘാടകനുമാണ്. വാഴത്തോപ്പ് കുന്നുംപുറത്ത് ഗോപാലന്റെയും ഭവാനിയുടെയും മകനാണ്. ജീനയാണ് ഭാര്യ. അഖിൽ, അമൽ എന്നിവർ മക്കളാണ്. തൊടുപുഴ മുട്ടം സ്വദേശി വിനയവർധൻ ഘോഷ് ആണ് യുഡിഎഫ് സ്ഥാനാർഥി. മണിയാറൻകുടി സ്വദേശിനി ഷീനാമോളാണ് ബിജെപി സ്ഥാനാർഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top