20 September Monday
മുഴുവൻ പിഎച്ച്‌സികളും സിഎച്ച്‌സിയാകും

മികവോടെ 
ആരോഗ്യകേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
കോട്ടയം
ആരോഗ്യമേഖലയിൽ എൽഡിഎഫ്‌ സർക്കാരിന്റെ വികസന പദ്ധതികൾ കൂടുതൽ മികവോടെ മുന്നോട്ട്‌. ജില്ലയിൽ ആറ്‌ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെയാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ സെന്ററുകളാക്കി ഉയർത്തിയത്‌. കോട്ടയം ജനറൽ ആശുപത്രിയിൽ നേഴ്‌സുമാരുടെ നൈപുണ്യ വികസനത്തിന്‌ പുതിയ ലാബും ആരംഭിച്ചു. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപി ബ്ലോക്കിന്റെ നിർമാണമാരംഭിച്ചു. ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഈവർഷത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌.
 കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, നാട്ടകം, വെള്ളാവൂർ, പൂഞ്ഞാർ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെയാണ് ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്ററുകളായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. കോവിഡ്‌ സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്‌ കൂടുതൽ ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ്‌ ആരോഗ്യവകുപ്പ്‌ നടത്തുന്നത്‌. ആറിടങ്ങളിലും നിലവിലുള്ള ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവർക്ക്‌ പുറമെ സ്‌റ്റാഫ്‌ നേഴ്‌സിനെയും നിയോഗിച്ചു. ഇവിടെ ഇനിമുതൽ കുട്ടികൾക്കും വയോധികർക്കും ഗർഭിണികൾക്കും ഓരോ ദിവസവും പ്രത്യേക ക്ലിനിക്ക്‌ പ്രവർത്തിക്കും. പ്രതിരോധ കുത്തിവയ്‌പ്പ്‌ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. യോഗ പരിശീലനവും ഇവിടെ ആരംഭിക്കും. 
 പ്രാമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാ(എഫ്‌എച്ച്‌സി)ക്കാൻ ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ നടക്കുകയാണ്‌. ഇനി 17 എണ്ണം കൂടിയേ ഈ നിലവാരത്തിലേക്ക്‌ മാനാനുള്ളൂ. ആദ്യ രണ്ട്‌ ഘട്ടങ്ങളിലൂടെ 45 പിഎച്ച്‌സികളെ സിഎച്ച്‌സികളാക്കി. ഈ വർഷം ബാക്കിയുള്ളവയും പൂർത്തിയാകും. പുതിയ വെയ്‌റ്റിങ്‌ റൂമും ഫീഡിങ്‌ റൂമും ഇവിടങ്ങളിൽ നിർമിച്ചുവരികയാണ്‌.
 നേഴ്‌സുമാർക്ക്‌ പ്രത്യേക പരിശീലനം നൽകാനാണ്‌ കോട്ടയം ജനറൽ ആശുപത്രിയിൽ 60 ലക്ഷം രൂപ മുടക്കി സ്‌കിൽ ലാബ്‌ തുടങ്ങിയത്‌. ഗർഭകാല പരിചരണം, നവജാത ശിശുക്കളുടെ പരിചരണം അടക്കമുള്ള കാര്യങ്ങളിൽ നേഴ്‌സുമാർക്ക്‌ വിദഗ്‌ധർ പരിശീലനം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top