07 July Tuesday

സാനിറ്റെസറുമായി കെഎസ്‌ഇബി എംപ്ലോയീസ് കോ‐ഓപ്പറേറ്റീവ് സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

കോട്ടയം
ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയും കോട്ടയം ഗവ. കോളേജുമായി സഹകരിച്ച് ഹാൻഡ് സാനിറ്റൈസർ നിർമിച്ച് കെഎസ്‌ഇബി ജീവനക്കാർക്കിടയിൽ വിതരണംചെയ്തു. 
ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യു ജോർജ്ജിന്റെ നിർദേശത്തെ തുടർന്ന് പ്രൊഫ. സെനോ ജോസിന്റെ മേൽനോട്ടത്തിൽ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റാണ്‌ സാനിറ്റൈസർ നിർമിച്ചത്. സൊസൈറ്റിയുടെ പ്രവർത്തന പരിധിയിലെ ഇലക്ട്രിസിറ്റി ഓഫീസുകളിൽ സാനിറ്റൈസറുകളും, ഗ്ലൗസുകളും സൗജന്യമായി വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സെക്‌ഷൻ ഒഫീസുകളിലെ ജീവനക്കാർക്കായി ഒരു സെക്‌ഷൻ ഓഫീസിൽ 10 ബോട്ടിൽ സാനിറ്റൈസറും 20 ഗ്ലൗസുകളുമാണ് വിതരണം ചെയ്യുന്നത്‌. 
സൊസൈറ്റി അങ്കണത്തിൽ ചടങ്ങിൽ അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ വി എൻ വാസവൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ പി എൻ- പ്രദീപ് അധ്യക്ഷനായി.പള്ളം എക്സിക്യൂട്ടീവ് എൻജിനിയറുടെ ചുമതലവഹിക്കുന്ന അസി. എക്സി. എൻജിനിയർ കുര്യൻ സെബാസ്റ്റ്യൻ ഇലക്‌ട്രിസിറ്റി ബോർഡിനു വേണ്ടി കിറ്റുകൾ ഏറ്റുവാങ്ങി. സൊസൈറ്റിയുടെ വകയായി കോവിഡ്- 19 നേരിടുന്നതിന് അഭയം ചാരിറ്റബിൾ ട്രസ്റ്റിനായി 15000 രൂപയുടെ ചെക്കും കൈമാറി.
 
 
പ്രധാന വാർത്തകൾ
 Top