30 May Saturday

ഊര്‍ജിത നടപടിക്ക് ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 കോട്ടയം 

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ജില്ലാ പഞ്ചായത്ത് കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇതിന്റെ ഭാഗമായി  പഞ്ചായത്ത് കേന്ദ്രങ്ങളിൽ കൊറോണ സെല്ലും ബ്ലോക്ക് അടിസ്ഥാനത്തിൽ കോവിഡ്‌ കെയർ സെന്ററുകളും തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.   ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകളായിരിക്കും യഥാക്രമം കൊറോണ സെല്ലും കൊറോണ കെയർ സെന്ററുമായി പ്രവർത്തിക്കുക.  പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായിരിക്കും സെല്ലുകളുടെയും കെയർ സെന്ററുകളുടെയും അധ്യക്ഷൻമാർ.  
   വാർഡ് തല കൊറോണ നിരീക്ഷണ സമിതിയുടെ പ്രവർത്തനത്തിന്റെ ഏകോപനമാണ് സെല്ലിന്റെ പ്രധാന ചുമതല. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കൽ, വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും പുതിയതായി എത്തുന്നവർ ക്വാറന്റയിനിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കൽ, ആവശ്യമായവർക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുക, ബോധവൽക്കരണം തുടങ്ങിയവയാണ് മറ്റ്‌ പ്രവർത്തനങ്ങൾ.
   പഞ്ചായത്തുതല പ്രവർത്തനങ്ങളുടെ ഏകോപനമാണ് കോവിഡ്‌ കെയർ സെന്ററുകൾ നിർവഹിക്കുക. ഇതിനു പുറമെ ജില്ലാതലത്തിൽ വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, വിഭവസമാഹരണം, പഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ സഹായിക്കുക തുടങ്ങിയ ചുമതലകളും നിർവഹിക്കും. സമൂഹ വ്യാപനം ഉണ്ടാകുന്ന പക്ഷം കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് കെയർ സെന്ററുകൾ ഡിവിഷൻ തിരിച്ച് മാർഗരേഖ തയ്യാറാക്കണം.
  ലോക്‌ഡൗൺ കാലത്ത് ഭക്ഷണവും മരുന്നും ആവശ്യമുള്ളവർക്ക് ലഭ്യമാക്കുന്നതിന് പ്രവർത്തനങ്ങൾക്കും ഈ സംവിധാനം പ്രയോജപ്പെടുത്തും. ഇതിനായി ജില്ലാ തലത്തിൽ ഹെൽപ്പ് ഡസ്‌ക് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അതത് ഡിവിഷനുകളിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top