18 November Monday
ബെഫി ജില്ലാസമ്മേളനം

തൊഴിൽ നിയമ ഭേദഗതി പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
 
കോട്ടയം
തൊഴിലാളി വിരുദ്ധവും പിന്തിരപ്പനുമായ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ബെഫി 13 --ാം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിലുള്ള 44 തൊഴിൽ നിയമങ്ങൾ 
ഏകീകരിച്ച് നാല് ലേബർ കോഡുകളാക്കി മാറ്റുന്ന നിയമം പാർലമെന്റ് അംഗീകരിച്ചിരിക്കുന്നു. വ്യവസായ തർക്ക നിയമം, ഫാക്ടറി നിയമം, കരാർ തൊഴിലാളി നിയമം, ട്രേഡ് യൂണിയൻ നിയമം ഇവയെല്ലാം ഭേദഗതിചെയ്ത് സംയാേജിപ്പിക്കുകയാണ്. 
 തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാനും കൂട്ടായ വിലപേശൽ ഇല്ലാതാക്കാനുമാണ് നീക്കം. സ്ഥിരം തൊഴിൽ ഇല്ലാതാക്കി നിശ്ചിതകാല തൊഴിൽ എന്നത് രാജ്യവ്യാപകമായി നടപ്പാക്കുകയാണ് ലക്ഷ്യം. കോർപറേറ്റ്‌ ഭീമന്മാർക്ക്‌ കൊള്ളലാഭമുണ്ടാക്കുന്നതും സർക്കാരിനും ജീവനക്കാർക്കും സമൂഹത്തിനും നഷ്ടം വരുത്തുന്നതുമായ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കറൻസി ചെസ്‌റ്റുകൾ അടച്ച്‌ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, ഉഭയകക്ഷി കരാർ ചർച്ചകൾ ഉടൻ പൂർത്തിയാക്കുക, ജില്ലാബാങ്ക്‌ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തുക, ജില്ലാബാങ്ക്‌ ജീവനക്കാരുടെ പെൻഷൻ അപാകം പരിഹരിക്കുക, ജനവിരുദ്ധ ബാങ്കിങ്‌ നയങ്ങൾ ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം ഉന്നയിച്ചു. 
 ടി എസ്‌ വിഷ്‌ണു നഗറിൽ(ജില്ലാബാങ്ക്‌ ഓഡിറ്റോറിയം) നടന്ന സമ്മേളനം  സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റിയംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ബെഫി ജില്ലാപ്രസിഡന്റ്‌ പി ജി അജിത്ത്‌ അധ്യക്ഷനായി. ജില്ലാസെക്രട്ടറി വി പി ശ്രീരാമൻ റിപ്പോർട്ടും ട്രഷറർ എം എൻ ഗംഗാധരൻ കണക്കും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ സനിൽ ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിൽ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ കെ എസ്‌ രവീന്ദ്രൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്‌, വനിതാസബ്‌കമ്മിറ്റിയംഗം അനിതാ പി നായർ എന്നിവർ സംസാരിച്ചു. ബെഫി കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച "ബാങ്ക് ദേശസാൽക്കരണത്തിന്റെ 50 വർഷങ്ങൾ" എന്ന പുസ്തകം അനിതാ പി നായർക്ക് നൽകി വി എൻ വാസവൻ പ്രകാശനംചെയ്തു. ജില്ലാവൈസ്‌പ്രസിഡന്റ്‌ കെ പി ഷാ സ്വാഗതവും ആർ രാജേഷ്‌ നന്ദിയും പറഞ്ഞു.
  യാത്രയയപ്പ്‌ സമ്മേളനം സംസ്ഥാന ട്രഷറർ കെ എസ്‌ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കെ ആർ പ്രസന്നകുമാർ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ്‌ പി ജി അജിത്ത്‌,  ജില്ലാകമ്മിറ്റിയംഗങ്ങളായ ആർ ഹരിദാസ്‌, ജോസഫ്‌ ജോർ്ജ്‌ എന്നിവർക്കാണ്‌ യാത്രയയപ്പ്‌ നൽകിയത്‌. 13 --ാം സംസ്ഥാന സമ്മേളനം നവംബർ 23, 24, 25 തീയതികളിൽ കണ്ണൂരിൽ നടക്കും.
 
 
 
പ്രധാന വാർത്തകൾ
 Top