27 May Wednesday

നിയന്ത്രണങ്ങൾ ലംഘിച്ച്‌ ജനം തെരുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച്

 കോട്ടയം

നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും കാറ്റിൽപ്പറത്തി കോട്ടയത്ത്‌ വൻ ജനത്തിരക്ക്‌. കോവിഡ്‌ വ്യാപനം കൂടാതിരിക്കാൻ സർക്കാർ തിങ്കളാഴ്‌ച അർധരാത്രിമുതൽ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിട്ടും ഗൗരവമായെടുക്കാതെയാണ്‌ ചൊവ്വാഴ്‌ച ജനം നിരത്തിലിറങ്ങിയത്‌. 
 കോട്ടയം നഗരത്തിലേക്കുള്ള പ്രധാന ജങ്‌ഷനുകളിൽ പൊലീസ്‌  ഉന്നതാധികാരികളുടെ നേതൃത്വത്തിൽ രാവിലെ മുതൽ പരിശോധന കർശനമായി നടപ്പാക്കിയിരുന്നു. നിയന്ത്രണമില്ലാതെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളടക്കം തലങ്ങും വിലങ്ങും പായുന്ന കാഴ്‌ചയാണ്‌ കോട്ടയത്തുണ്ടായത്‌. വാഹനം തടഞ്ഞ്‌ വിവരങ്ങൾ ആരാഞ്ഞും ബോധവൽക്കരണ മുന്നറിയിപ്പ്‌ നൽകിയുമാണ്‌ വണ്ടികൾ കടത്തിവിട്ടത്‌.  
 മിക്ക സ്വകാര്യ വാഹന യാത്രക്കാരും പൊലീസ്‌ പരിശോധനയ്‌ക്കിടെ രോഗവ്യാപന ഗൗരവം നിസാരവൽക്കരിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. നിസാര കാരണങ്ങൾ പറഞ്ഞായിരുന്നു അധികം പേരും നിരത്തിലിറങ്ങിയത്‌. ബൈക്കിൽ കറങ്ങിനടന്ന യുവാക്കളെയും  പൊലീസ്‌ തടഞ്ഞു. നമ്പർ പ്ലേറ്റ്‌ പോലും വ്യക്തമാക്കാത്ത ആഡംബര ബൈക്കിൽ കറങ്ങിയ കോട്ടയം നഗരവാസിയായ യുവാവിനെ ചോദ്യംചെയ്‌തപ്പോൾ കിട്ടിയ മറുപടി പൊലീസിനെയും അമ്പരപ്പിക്കുന്നതായിരുന്നു. വണ്ടി സർവീസിന്‌ നൽകാൻ പോവുകയായിരുന്നത്രേ.
 
 
പ്രധാന വാർത്തകൾ
 Top