27 September Sunday
നേച്ചർ ഫിലിം ഫെസ്റ്റിവലിന് കുമരകത്ത് തുടക്കം

തിമ്മക്ക വെള്ളമൊഴിച്ചു; പ്രകൃതി മഴ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം ചെടിക്ക് വെള്ളമൊഴിച്ച് പരിസ്ഥിതി പ്രവർത്തക സാലു മറാഡ തിമ്മക്ക നിർവഹിക്കുന്നു

 

 
കോട്ടയം
ബേർഡ്സ് ക്ലബ് ഇന്റർനാഷണലിന്റെ  നേതൃത്വത്തിലുള്ള റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന് കുമരകത്ത് തുടക്കമായി. സ്റ്റേജിൽ ഒരുക്കിയിരുന്ന ചെടിയ്ക്ക് വെള്ളം പകർന്നുനൽകി പ്രകൃതിസംരക്ഷക സാലു മരദ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. തിമ്മക്ക ചെടിയുടെ ചുവട്ടിൽ വെള്ളം പകർന്ന് നൽകിയപ്പോൾ സ്റ്റേജിൽ കൃത്രിമ മഴ പെയ്തു. 
പ്രകൃതി സംരക്ഷണത്തിന് മുൻകൈ എടുത്ത ഫിലിം ഫെസ്റ്റിവൽ സംഘാടകർക്കും സദസ്സിനും തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം സമർപ്പിക്കുന്നതായി തിമ്മക്ക പ്രഖ്യാപിച്ചു.  പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും യുവതലമുറ അതിന്‌ തയ്യാറാകണമെന്നും തിമ്മക്ക പറഞ്ഞു. തടിയിൽ തീർത്ത പക്ഷിക്കൂട് നൽകിയാണ് ഉദ്ഘാടന ചടങ്ങിലേക്ക്‌ അതിഥികളെ സ്വീകരിച്ചത്. 
ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി മുൻ എംഎൽഎ വി എൻ വാസവൻ യോഗത്തിൽ അധ്യക്ഷനായി. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ജൂറി ചെയർമാൻ സുമിത്രാ ഭാവേയ്ക്ക് നൽകി പ്രകാശനം ചെയ്തു. സാലു മരദ തിമ്മക്കയ്ക്ക് പ്രകൃതി പുരസ്കാരം അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ സമ്മാനിച്ചു. കോട്ടയം ഫിലിം സൊസൈറ്റി സ്ഥാപകൻ പരേതനായ അരവിന്ദന്റെ ഭാര്യ കൗമുദി അരവിന്ദൻ സെക്രട്ടറി പ്രദീപ് നായർക്ക് ക്ലാപ്പ് ബോർഡ് നൽകി കോട്ടയം ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്‌തു. ചൈനയുടെ പുതുവർഷ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ആദരവ് പ്രകടിപ്പിച്ച്  ചെനീസ് ചിത്രം "മൗണ്ടൻ ഓഫ് സിൽവർ ആൻഡ് ഗോൾഡ്' രഞ്ജി പണിക്കർ അവതരിപ്പിച്ചു. ഒന്നാം വേദിയോട് ചേർന്നുള്ള പ്രദർശന ഹാളിൽ വനം വന്യജീവി ഫോട്ടോഗ്രാഫറായ ഡോ. അപർണയുടെ ഫോട്ടോ പ്രദർശനം ഫെസ്റ്റിവൽ ഡയറക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു.  
ഒന്നാം വേദിയിൽ ഓസ്‌ട്രേലിയൻ സംവിധായകൻ ഡെമോൺ ഗേമുവിന്റെ ചിത്രം "2040'ഉം രണ്ടാം വേദിയായ അഷ്ടമുടിയിൽ വന്യജീവി ഫിലിം മേക്കറായ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങളുടെ റിട്രോസ്പെക്ടീവും വേൾഡ് മോസ്റ്റ് ഫേമസ് ടൈഗർ എന്ന ചിത്രവും പ്രദർശിപ്പിച്ചു. 
ജൂറി ചെയർപേഴ്സൺ സുമിത്രാ ഭാവേ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ വി ബിന്ദു, പഞ്ചായത്തംഗം കവിത ലാലു, രഞ്ജി പണിക്കർ, കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടർ റീന മാത്യു, ഉത്തരവാദിത്വ ടൂറിസം കോ ഓർഡിനേറ്റർ രൂപേഷ് കുമാർ, ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ ജില്ലാ കോർഡിനേറ്റർ ഡോ. ബിന്ദു എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top