23 November Saturday
കലക്ടര്‍ക്ക് കുട്ടികളുടെ ഉറപ്പ്

പ്ലാസ്റ്റിക് കവറുകള്‍ പുഞ്ചിരിയോടെ നിരസിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019
 
കോട്ടയം
സാധനങ്ങൾ വാങ്ങുമ്പോൾ കടക്കാരൻ പ്ലാസ്റ്റിക് കവറിൽ തന്നാൽ അത്‌ പുഞ്ചിരിയോടെ നിരസിക്കും... ഇനിമുതൽ  തുണി, പേപ്പർ, ചണം എന്നിവകൊണ്ട്‌ നിർമിച്ച സഞ്ചികൾ കൊണ്ടുപോയി  സാധനങ്ങൾവാങ്ങും.  വീട്ടുപരിസരത്ത് മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച്‌ ചെറിയ പച്ചത്തുരുത്തുകൾ ഒരുക്കാൻ ശ്രമിക്കും....
ഹരിതകേരളത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിക്കാനെത്തിയ വിദ്യാർഥികൾ ജില്ലാ കലക്ടർക്കുനൽകിയ ഉറപ്പുകളുടെ പട്ടിക ഇങ്ങനെ നീളുന്നു. ചങ്ങനാശേരി തെങ്ങണ ഗുഡ് ഷെപ്പേർഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലെ 44 കുട്ടികളാണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ തങ്ങളാൽ കഴിയും വിധം പങ്കുചേരുന്നതിന് കലക്ടറെ നേരിൽകണ്ട് സന്നദ്ധതയറിയിച്ചത്. വിദ്യാർഥികളുടെ പ്രതിനിധികളായി റോക്കി ജോൺ ജോഫിയും ഗോപിക ഗോപകുമാറും പ്രവർത്തന പദ്ധതി അവതരിപ്പിച്ചു.  
സ്കൂളിലും വീട്ടിലും, നാട്ടിലും ശുചിത്വ അംബാസിഡർമാരായി പ്രവർത്തിക്കും. സ്കൂളിലെ പരിപാടികളിൽ ഹരിതചട്ടം പാലിക്കാൻ മുൻകൈ എടുക്കുമെന്നും  സ്കൂൾ പരിസരത്ത് മാലിന്യം കണ്ടാൽ നീക്കം ചെയ്യുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. 
കൂട്ടുകാർ പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ് മുതലായവ   ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളും ഏറ്റെടുക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് മാതാപിതാക്കളെയും, അയൽവാസികളെയും, ബന്ധുക്കളെയും  സുഹൃത്തുക്കളെയും പ്രേരിപ്പിക്കും. അവർ പറഞ്ഞു. 
വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിന് കുട്ടികൾ മുൻകൈ എടുക്കണമെന്നും സ്വന്തം വീട്ടിലും പരിസരത്തും ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യം സ്വന്തം ഉത്തരവാദിത്വമാണെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഹരിതകേരളം മിഷന്റെയും ലഘുലേഖകൾ അദ്ദേഹം വിദ്യാർഥികൾക്കുനൽകി. 
ഡെപ്യൂട്ടി കലക്ടർ(എൽആർ) അലക്സ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ഹരിതകേരളം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ പി രമേശ്, ശുചിത്വ മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, അധ്യാപകരായ നിഷ ബി നായർ, രഹാന ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top