23 November Saturday
പൊലീസിനുനേരെ കത്തിവീശി

പ്രണയത്തിൽനിന്ന് പിന്മാറാൻ യുവാവിനെ ആക്രമിച്ച ഗുണ്ട പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

 കോട്ടയം

പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ക്രിമിനൽ കേസുകളിലെ പ്രതി പൊലീസ്‌ പിടിയിൽ. ജില്ലയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ആർപ്പൂക്കര വില്ലൂന്നി ലക്ഷംവീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി(കുരുടി -–-23)യെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയ പൊലീസിനുനേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്.
 പ്രണയബന്ധത്തിൽനിന്ന്‌ പിന്മാറാൻ കാരാപ്പുഴ പയ്യമ്പള്ളിച്ചിറയിൽ ഗണേഷിന്റെ മകൻ സുജിത്തിനെ(22)യാണ്‌ ഒക്ടോബർ ഒമ്പതിന് വൈകിട്ട് അഞ്ചരയോടെ ജിബിൻ വീട്ടിൽക്കയറി കുത്തിയത്. 
ഗുണ്ടാത്തലവൻ അലോട്ടിയുടെ സംഘത്തിലെ പ്രധാനിയാണ് ഇയാൾ. സംഭവത്തിനുശേഷം നീണ്ടൂർ, എറ്റുമാനൂർ, കല്ലറ എന്നിവിടങ്ങളിൽ ജിബിൻ ഒളിവിൽ കഴിയുകയായിരുന്നു. പാടശേഖരങ്ങളിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്. ബൈക്ക് റോഡരികിൽ വച്ചശേഷം, പാടശേഖരങ്ങളിലൂടെ നടന്ന്‌ ഒളിസങ്കേതങ്ങളിൽ എത്തും. രാത്രിയിൽ ബൈക്കിൽ പാലാ, ഏറ്റുമാനൂർ പ്രദേശങ്ങളിൽ എത്തിയിരുന്ന പ്രതി ഇവിടെനിന്ന്‌ കഞ്ചാവും ഭക്ഷണവും മറ്റും വാങ്ങിയിരുന്നു. പാലായിലെ ഗുണ്ടാസംഘങ്ങളാണ് സഹായം ചെയ്തിരുന്നത്. 
കഴിഞ്ഞദിവസം പ്രതി പാലായിലുണ്ടെന്ന വിവരം ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന് ലഭിച്ചു. ഡിവൈഎസ്‌പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം ജെ അരുണിന്റെ നേതൃത്വത്തിൽ എസ്ഐ ടി ശ്രീജിത്ത്, എഎസ്ഐ കെ കെ രാജേഷ്, സീനിയർ സിപിഒ പി എൻ മനോജ്, സിപിഒമാരായ കെ ആർ ബൈജു, സി സുദീപ്, ടി ജെ സജീവ് എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌. വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും.
 
പ്രധാന വാർത്തകൾ
 Top