01 October Saturday
വാഹനങ്ങൾ തടഞ്ഞു

ഈരാറ്റുപേട്ടയിൽ പൊലീസുമായി ഏറ്റുമുട്ടൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
ഈരാറ്റുപേട്ട  
ഹർത്താൽ ശക്തമായ ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ പൊലീസിനെ തടഞ്ഞത്‌ സംഘർഷത്തിൽ കലാശിച്ചു. വെള്ളി രാവിലെ മുതൽ ഹർത്താലനുകൂലികൾ ടൗണിൽ ഗതാഗതം തടസ്സപ്പെടുത്തിയപ്പോൾ പൊലീസ്‌ തടഞ്ഞതോടെ സംഘർഷമുണ്ടായി. പ്രൈവറ്റ് ബസ്റ്റാൻഡ് ഭാഗത്തുനിന്നെത്തിയ ബൈക്ക് യാത്രികനെ തടഞ്ഞതാണ് തുടക്കം. ചോദ്യം ചെയ്ത യാത്രികനെ പ്രവർത്തകർ മർദിച്ചു. തുടർന്ന്‌ പൊലീസ് ലാത്തിവീശി. ഒരാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തപ്പോൾ തടഞ്ഞു. പൊലീസ് വാഹനം കടന്നുപോകാനും പ്രവർത്തകർ സമ്മതിച്ചില്ല. ചിലർ ജീപ്പിനുമുന്നിൽ കിടന്നതോടെ പൊലീസ് ഇവരെ വലിച്ചെഴുന്നേൽപ്പിച്ചു. കൂടുതൽ പ്രവർത്തകർ എത്തിയതോടെ പൊലീസ് ലാത്തി വീശി. തുടർന്ന് യാത്രക്കാരനെ ആക്രമിച്ചയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സംഘർഷം അയഞ്ഞതോടെ നൂറുകണക്കിന് പ്രവർത്തകർ അഹമ്മദ് ഗുരുക്കൾ നഗറിൽ വീണ്ടും തമ്പടിച്ചു. ഇവർ പ്രകടനമായി സെൻട്രൽ ജങ്‌ഷനിലെത്തി മുദ്രാവാക്യം വിളിച്ചു. വീണ്ടും  ഗതാഗതം തടസ്സപ്പെടുത്തിയതോടെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ സെക്രട്ടറി കിഴക്കേടത്ത് ഫൈസൽ അടക്കം 87 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. റോഡിൽ കിടന്ന പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച്‌ വാനിൽ കയറ്റി .   
ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന്‌ ചുരുക്കം ബസുകൾ പൊലീസ് അകമ്പടിയിൽ സർവീസ് നടത്തി. പാലാ ഡിവൈഎസ്‌പി ഗിരിഷ് പി സാരഥിയുടെ നേതൃത്വത്തിൽ പ്രദേശത്ത്‌ പൊലീസ്‌ ക്യാമ്പ്‌ ചെയ്യുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top