16 September Monday

ശോശാമ്മയ്‌ക്കും ലില്ലിക്കുട്ടിയ്‌ക്കും തണലായി മരിയാസദനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

 പാലാ

ലില്ലിക്കുട്ടിയും ശോശാമ്മയും ഇനി മരിയാസദനത്തിന്റെ സ്‌നേഹത്തണലിലേക്ക്‌. ജില്ലാ സമൂഹ്യക്ഷേമ വകുപ്പ‌് അധികൃതർ ഇരുവരുമെത്തിച്ചു. പ്രളയത്തിൽ വീടുകൾ വെള്ളത്തിലായി ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിയ ഇരുവരുടെയും ദൈന്യജീവിതം തിരിച്ചറിഞ്ഞ‌ാണ്‌ അധികൃതർ ഇവരെ മരിയസദനത്തിൽ എത്തിച്ചത‌്.
  ബന്ധുക്കളോ ഉറ്റവരോ ഇല്ലാതെ വൈക്കപ്രയാർ വാലിച്ചിറ വീട്ടിൽ താമസിച്ചിരുന്ന ശോശാമ്മയും ലില്ലിക്കുട്ടിയും മാനസികാസ്വസ‌്ഥ്യം പ്രകടിപ്പിക്കുന്ന നിലയിലായാണ‌് ദുരിതാശ്വാസക്യാമ്പിൽ എത്തിയത‌്. ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിൽനിന്ന‌് ബിഎ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി അധ്യാപികയായി ജോലി ചെയ‌്തിരുന്ന ശോശാമ്മ ജോലിയിൽനിന്ന‌് വിരമിച്ചതോടെയാണ‌് ഒറ്റക്കായത‌്. കുറവിലങ്ങാട് സെന്റ് മേരീസ്‌ കോളേജിൽ നഴ്സിങ്‌ പഠിച്ച‌് ജോലി ചെയ്‌തുവന്ന ലില്ലികുട്ടിയുടെ അവസ്ഥയും സമാനമാണ‌്. ഇവർക്ക‌് മറ്റ‌് രണ്ട‌് സഹോദരങ്ങൾ കൂടെയുണ്ടെങ്കിലും അവരാരുമായും ബന്ധം പുലർത്തിയിരുന്നില്ല. ഇതിനിടെയെത്തിയ പ്രളയമാണ‌് ഇവരുടെ ഒറ്റപ്പെട്ട ജീവിതം പുറംലോകത്തിന‌് കാണിച്ചുകൊടുത്തത‌്.
  വൈക്കപ്രയാറിൽ തുരുത്തുപോലെ ഒറ്റപ്പെട്ട സ്ഥലത്ത‌് താമസിച്ചിരുന്ന അവസ്ഥയിൽ പൂച്ചാക്കൽ തേവർവട്ടം സർക്കാർ എച്ച്‌എസ്‌എസ്‌ സ്‌കൂൾ അധ്യാപകനായിരുന്ന അരുൺകുമാറാണ‌് ഇവരെ കണ്ടെത്തുന്നത്. ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിയ ഇരുവരുടെയും ദൈന്യത മനസിലാക്കിയ ജില്ലാ സാമൂഹ്യഷേമ ഓഫീസർ എം എം മോഹൻദാസിന്റെ  സഹായത്തോടെയാണ‌് പാലാ മരിയസദനത്തിൽ എത്തിച്ചത്. ഇരുവരെയും മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫും മിനി സന്തോഷും ചേർന്ന്  സ്വീകരിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top