29 February Saturday
നേച്ചർ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

വെള്ളിത്തിര കുമരകത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

 കുമരകം

ഇനി മൂന്നുനാൾ കുമരകം നാട്ടുപച്ചയുടെ വെള്ളിത്തിരയാവും. റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് വെള്ളിയാഴ്‌ച കുമരകത്ത് തുടക്കമാകും. പ്രധാനവേദിയായ കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വേമ്പനാട് വേദിയിൽ രാവിലെ എട്ടിന് രജിസ്‌ട്രേഷൻ ആരംഭിക്കും. രാവിലെ പത്തിന് 
പ്രകൃതി സംരക്ഷക സാലു മറാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനംചെയ്യും. മുഖ്യരക്ഷാധികാരി വി എൻ വാസവൻ അധ്യക്ഷനാകും. മറാത്തി സംവിധായിക സുമിത്ര ഭാവേ  മുഖ്യാതിഥിയാകും. പ്രകൃതി പുരസ്‌കാരം സാലു മറാഡ തിമ്മക്കയ്ക്ക് ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ സുരേഷ് കുറുപ്പ് എംഎൽഎ സമ്മാനിക്കും. കോട്ടയം ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം  സംവിധായകൻ ജി അരവിന്ദന്റെ ഭാര്യ കൗമുദി അരവിന്ദൻ നിർവഹിക്കും. ചൈനയുടെ പുതുവർഷ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ആദരവ് പ്രകടിപ്പിച്ച് ചൈനീസ് ചിത്രം' മൗണ്ടൻ ഓഫ് സിൽവർ ആൻഡ് ഗോൾഡ്' നടൻ രഞ്ജി പണിക്കർ അവതരിപ്പിക്കും. ഒന്നാംവേദിയിൽ ഓസ്‌ട്രേലിയൻ സംവിധായകൻ ഡെമോൺ ഗേമുവിന്റെ ചിത്രം "2040' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 11.15ന് പ്രദർശന ഹാളിൽ വനം വന്യജീവി ഫോട്ടോഗ്രാഫർ ഡോ. അപർണയുടെ ഫോട്ടോകളുടെ പ്രദർശനം ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തു ഉദ്ഘാടനംചെയ്യും. രണ്ടാംവേദിയായ അഷ്ടമുടിയിൽ, 11.30ന് വന്യജീവി ഫിലിംമേക്കർ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങളുടെ റിട്രോസ്പെക്ടീവ് ഉദ്ഘാടനംചെയ്യും. സുബ്ബയ്യ നല്ലമുത്തുവിന്റെ വേൾഡ് മോസ്റ്റ് ഫേമസ് ടൈഗർ എന്ന ചിത്രം പ്രദർശിപ്പിക്കും. 
പകൽ ഒന്നരയ്ക്ക് കോട്ടയം പ്രസ് ക്ലബ്‌ നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സാലു മറാഡ തിമ്മക്കയുമായി മുഖാമുഖം. രാത്രി ഏഴിന്  കായലോരത്തെ തുറന്ന സ്‌ക്രീനിൽ ലബനൻ സംവിധായകൻ  ഖ്വാലിദ് മോനസിന്റെ ഷോട്ട് ഫിലിം "ദ റൈഫിൾ ദ ജക്കാൾ ദ വൂൾഫ് ആൻഡ് ദ ബോയി ' എന്ന ചിത്രം പ്രദർശിപ്പിക്കും.
 
 
പ്രധാന വാർത്തകൾ
 Top