25 November Wednesday

കുറിച്ചിക്കുവേണം നാടറിയുന്ന നായകൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
കുറിച്ചി
ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലോരോന്നും‌ കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്താനാകുമെന്ന്‌ കുറിച്ചിയിലെ വോട്ടർമാർക്കറിയാം. എന്നാൽ  കഴിഞ്ഞതവണ എൽഡിഎഫിൽനിന്ന് യുഡിഎഫ്‌ ഡിവിഷൻ പിടിച്ചെടുത്തെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ സാധിച്ചില്ലെന്നത്‌ നാടിന്റെ പൊതുവികാരമാണ്‌. 
സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന കുറിച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിട്ടും ഇടിഞ്ഞുവീണ ചുറ്റുമതിൽ നിർമിക്കാനോ കുടിവെള്ള സൗകര്യമൊരുക്കാനോ ഡിവിഷൻ പ്രതിനിധിക്ക്‌ സാധിച്ചില്ല. വികസനപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണണമെന്ന്‌ ആഗ്രഹിക്കുകയാണ്‌ വോട്ടർമാർ. എൽഡിഎഫ്‌ സ്ഥാനാർഥിയായ കെ എം രാധാകൃഷ്‌ണനിലൂടെ ഡിവിഷൻ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്‌‌ പ്രവർത്തകർ. 
കുറിച്ചി പഞ്ചായത്ത്‌ പൂർണമായും പനച്ചിക്കാട്‌ പഞ്ചായത്തിലെ എട്ട്‌, ഒമ്പത്‌, 10, 11 വാർഡുകൾ ഒഴികെയുള്ള 19 വാർഡുകളും പുതുപ്പള്ളി പഞ്ചായത്തിലെ 16-ാം വാർഡും ഉൾപ്പെടുന്ന 40 വാർഡുകൾ അടങ്ങുന്നതാണ്‌‌ കുറിച്ചി ഡിവിഷൻ. വാഴപ്പള്ളിയുടെ പേരിലായിരുന്നു  നേരത്തെ കുറിച്ചി ഡിവിഷൻ. അന്നുണ്ടായിരുന്ന പനച്ചിക്കാട്‌ ഡിവിഷൻ പിന്നീട്‌ പുതുപ്പള്ളിയിലേക്ക്‌ മാറ്റി.   
 സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും കേരള കർഷകസംഘം ജില്ലാ സെക്രട്ടറിയും കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമാണ്‌‌ കെ എം രാധാകൃഷ്‌ണൻ. എസ്എഫ്ഐ  ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എന്നീ ചുമതലകൾ നിർവഹിച്ച അദ്ദേഹം ജില്ലയിലാകെ സുപരിചിതനാണ്‌. 14 വർഷം സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറിയായും 12 വർഷം പാമ്പാടി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.  പാമ്പാടി സർവീസ്‌ സഹകരണ ബാങ്കിനെ നഷ്ടത്തിൽനിന്ന്‌ കരകയറ്റിയ ഭരണപാടവം നേതൃഗുണത്തിന്‌ തെളിവാണ്‌. പി കെ വൈശാഖ്‌(യുഡിഎഫ്‌), കെ ജി രാജ്‌മോഹൻ‌(എൻഡിഎ) എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top