കോട്ടയം
ശ്രീനാരായണ ഗുരുദേവ സമാധിയോട് അനുബന്ധിച്ച് ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗുരുപൂജ, ശാന്തിയാത്ര, സമൂഹപ്രാർഥന, വിശ്വശാന്തി സമ്മേളനം, സമൂഹസദ്യ തുടങ്ങിയവയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. എസ്‌എൻഡിപി യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, ബാലജനയോഗം, കുടുംബയൂണിറ്റുകൾ എന്നിവ ചേർന്നാണ് സമാധിദിനാചരണം സംഘടിപ്പിച്ചത്.
എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ സംഘടിപ്പിച്ച വിശ്വശാന്തി സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എൻ നാഗരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം മധു അധ്യക്ഷനായി. സെക്രട്ടറി ആർ രാജീവ്, യോഗം കൗൺസിലർ എ ജി തങ്കപ്പൻ, യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ എന്നിവർ സംസാരിച്ചു.
രാവിലെ ഗുരുദേവക്ഷേത്രത്തിൽ ജപയജ്ഞത്തിന് കുമരകം ഗോപാലൻ തന്ത്രിയും മേൽശാന്തി രജീഷ് ശാന്തിയും കാർമികരായി. മഹാസമാധി പൂജ, സമൂഹസദ്യ ചടങ്ങുകളിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നുള്ള ഗുരുദേവ സന്ദേശം പ്രാവർത്തികമാക്കിക്കൊണ്ട്, യൂണിയൻ പരിധിയിൽ വരുന്ന എല്ലാ ശാഖകൾക്കുമായി മൂവായിരത്തോളം ഗംഗാബോണ്ടം തെങ്ങിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തതായി പ്രസിഡന്റ് എം മധുവും സെക്രട്ടറി ആർ രാജീവും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..