18 October Monday
കോവിഡിനെ തുടർന്ന് മാനസികാസ്വാസ്ഥ്യം

കിണറ്റിൽ ചാടിയ വീട്ടമ്മയെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
 
ചങ്ങനാശേരി
കോവിഡിനെ തുടർന്നുണ്ടായ മാനസിക അസ്വാസ്ഥ്യത്തിൽ കിണറ്റിൽ ചാടിയ വീട്ടമ്മയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. തൃക്കൊടിത്താനം കൊടിനാട്ടുംകുന്ന് അഞ്ചാംവാർഡിൽ വാടകയ്ക്ക്‌ താമസിക്കുന്ന അറുപത്തിയെട്ടുകാരിയാണ്‌ കിണറ്റിൽ ചാടിയത്. ഇവർക്കും ഭർത്താവിനും കോവിഡ്  ബാധിക്കുകയും മകളും കൊച്ചുമക്കളും നിരീക്ഷണത്തിലുമായിരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ ഇവർക്ക്‌ ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. തുടർന്ന് വീടിന്റെ പുറത്തിറങ്ങിയിരിക്കുകയും ബുധനാഴ്ച രാവിലെ ആറോടെ കിണറ്റിൽ ചാടുകയുമായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസികൾ വാർഡുമെമ്പർ ബിനോയ് ജോസഫിനെ വിവരം അറിയിച്ചു. മെമ്പർ എത്തിയപ്പോൾ കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു ഇവർ. ഉടൻ പിടിച്ചുനിൽക്കാൻ കയർകെട്ടി താഴേയ്ക്ക് ഇറക്കി കൊടുത്തു. ചങ്ങനാശേരി ഫയർഫോഴ്‌സിൽ അറിയിച്ചെങ്കിലും ഇവിടുത്തെ യൂണിറ്റ്  മറ്റൊരിടത്ത്‌ പോയതിനാൽ തിരുവല്ല യൂണിറ്റിൽ അറിയിച്ചു. തിരുവല്ല യൂണിറ്റിലെ ഫയർ ആൻഡ്  റെസ്‌ക്യൂ ഓഫീസർ പി എസ് ബിനു പി പി കിറ്റ് ധരിച്ച് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രേഡ് എഎസ്ടിഒ എം കെ രാജേഷ് കുമാർ, ഫയർ റെസ്‌ക്യൂ ഓഫീസർമാരായ ഹരിലാൽ, അരുൺ മോഹനൻ, ഷിബു, സജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top