20 September Friday

വാഴൂർ വഴികാട്ടും, സ്‌ത്രീ ശാക്തീകരണത്തിന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

വാഴൂർ പഞ്ചായത്ത്‌ സ്‌ത്രീപദവി പഠനറിപ്പോർട്ട്‌ അസി. കലക്ടർ ശിഖ സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു

കോട്ടയം 
വനിതാ ശാക്തീകരണത്തിന് വഴികാട്ടിയായി വാഴൂർ  പഞ്ചായത്തിന്റെ സ്ത്രീപദവി പഠന റിപ്പോർട്ട്. പഞ്ചായത്തിലെ സ്ത്രീകളുടെ സ്ഥിതി വിലയിരുത്തുകയും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന റിപ്പോർട്ട് അസിസ്റ്റന്റ്‌ കലക്ടർ ശിഖ സുരേന്ദ്രൻ പ്രകാശനം ചെയ്തു. കളരി ആശാട്ടിയായ സരസ്വതിയമ്മ ആദ്യ കോപ്പി ഏറ്റുവാങ്ങി.
  2018-–-19 ലെ വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ സഖി വിമൻ റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെയായിരുന്നു പഠനം. ആകെ 6848 കുടുംബങ്ങളുള്ള  പഞ്ചായത്തിൽ 12275  സ്ത്രീകളാണുള്ളത്. ഇതിൽ 114 പേർ തനിച്ചു താമസിക്കുന്നവരും 1086 പേർ വിധവകളുമാണ്.  ഇവരുടെ സാമൂഹിക, മാനസിക, ആരോഗ്യ  പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.  ഗാർഹിക ഉത്തരവാദിത്തങ്ങൾ മൂലം സ്ത്രീകൾക്ക് സ്വന്തം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഇതിൽ മാറ്റമുണ്ടാക്കാൻ  ക്ലാസുകൾ സംഘടിപ്പിക്കണം. വീടുകളിലെത്തി ജീവിത ശൈലീ രോഗങ്ങൾ പരിശോധിക്കണം.  
   കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് വനിതാ ഹെൽത്ത് ക്ലബ്‌ വേണം. സ്തനാർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്താൻ ആറു മാസത്തിലൊരിക്കൽ പ്രാദേശികമായി ക്യാമ്പുകൾ സംഘടിപ്പിക്കണം. വിവാഹത്തോടു കൂടി പഠനം നിർത്തേണ്ടിവരുന്ന സ്ത്രീകൾക്ക് തുടർപഠനത്തിന് അവസരമൊരുക്കണം. വിവാഹപ്രായമെത്തിയ യുവതീയുവാക്കൾക്ക് വിവാഹപൂർവ കൗൺസലിങ്‌ ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.  പ്രകാശനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രൊഫ. എസ് പുഷ്‌കലാ ദേവി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ പി എം ജോൺ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി പി റെജി, എഡിസി(ജനറൽ) ജി  അനീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജി  മോഹൻദാസ്, വനിത -ശിശു വികസന ഓഫീസർ പി എൻ  ശ്രീദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ്‌ ബിനു ജോൺ, സഖി വിമൻസ് റിസോഴ്സ് സെന്റർ പ്രതിനിധി ജി  രജിത,   മെർളി ജോസ്, എസ്‌വിആർ കോളേജ് പ്രിൻസിപ്പൽ രേണുക, എസ്‌വിആർ എച്ച്എസ്എസ് പ്രിൻസിപ്പൽ ദേവിജ, ജെൻഡർ റിസോഴ്സ് സെന്റർ കൺവീനർ എം  സൗമ്യ, ജെൻഡർ ഡെസ്ക് സൂപ്പർവൈസർ അനു മാത്യു എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ ജാഗ്രത സമിതി, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ ഭാഗമായി സ്കൂളുകളിൽ പ്രവർത്തനമാരംഭിക്കുന്ന ജെൻഡർ ഡസ്കിന്റെ ലോഗോ പ്രകാശനം ഡെപ്യൂട്ടി പ്ലാനിങ്‌ ഓഫീസർ എ എസ്  മായ നിർവഹിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top