18 September Wednesday

ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇഴയുന്നു: നാട്ടുകാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

 

നെടുംകുന്നം 
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കാലതാമസം നേരിടുന്നതിൽ വ്യാപക പ്രതിഷേധം. നെടുംകുന്നം പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കാലതാമസം നേരിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. നെടുംകുന്നം പഞ്ചായത്ത് ഒന്നാം വാർഡിലെ കാർഡ് പുതുക്കൽ ബുധനാഴ്ച രാവിലെ 10 മുതൽ  നെടുംകുന്നം മാർക്കറ്റിലെ കുടുംബശ്രീ ഓഫീസ് കെട്ടിടത്തിൽ വച്ചായിരുന്നു. രാവിലെ എട്ടു മുതൽ കാർഡു പുതുക്കുവാൻ ഗുണഭോക്താക്കളുടെ നീണ്ട ക്യൂ ആരംഭിച്ചു.  10 മണിക്ക് കാർഡുപുതുക്കൽ ആരംഭിച്ചപ്പോഴേക്കും 200 പേരോളം ക്യൂ വീലുണ്ടായിരുന്നു. സാങ്കേതിക തകരാറു കാരണം  രണ്ട് മണിക്കൂർ കൊണ്ട് നാലുപേർക്ക് മാത്രമാണ് കാർഡ് പുതുക്കി നൽകിയത്.തുടർന്ന് ഉദ്യോഗസ്ഥർ ആദ്യമേ നിൽക്കുന്ന നൂറു പേർക്ക് ടോക്കൺ നൽകി കാർഡ് പുതുക്കൽ പരിമിതപ്പെടുത്തി. 
ഇതിൽ പ്രകോപിതരായ ഗുണഭോക്താക്കളും ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടാകുകയും ഈ സമയം ഹാളിലുണ്ടായിരുന്ന രണ്ട് കംപ്യൂട്ടറുകൾ തകരാറാറിലാകുകയും ചെയ്തു. പിന്നീട് പുതിയ കംപ്യൂട്ടറുകൾ എത്തിച്ച് 20 പേർക്ക് കാർഡുകൾ പുതുക്കി നൽകി. സംഭവങ്ങൾ ജില്ലാ കലക്ടറെ ധരിപ്പിച്ചതിനെ തുടർന്ന് ഒന്നാം വാർഡിലെ കാർഡ് പുതുക്കൽ താൽകാലികമായി നിർത്തി വയ്ക്കാൻ നിർദേശം ലഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ചമ്പക്കരയിലും സമാന സംഭവം ഉണ്ടായി. എല്ലായിടത്തും സാങ്കേതിക തകരാർ പതിവായതിനാൽ കാർഡ് പുതുക്കലിന് കൂടുതൽ സമയം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കാർഡു പുതുക്കി നൽകാൻ എത്തിയ ഉദ്യോഗസ്ഥർക്ക് വേണ്ട പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് കാർഡുകൾ പുതുക്കാൻ കാലതാമസം നേരിടുന്നതും, സാങ്കേതിക  തകരാറിനു കാരണമാകുന്നതുമെന്നാണ് നാട്ടുകാർ പറയുന്നത്.
 
 
 
പ്രധാന വാർത്തകൾ
 Top