02 March Tuesday

കോവിഡ് പ്രതിരോധം ഉറപ്പാക്കി തെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021
കോട്ടയം
കോവിഡ് പ്രതിരോധം ഉറപ്പാക്കി ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ്‌ ബൂത്തുകൾ സജ്ജീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കലക്ടർ എം  അഞ്ജന പറഞ്ഞു. ഒരു പോളിങ്‌ ബൂത്തിൽ പരമാവധി 1000 പേർ മാത്രമാണ് വോട്ടുചെയ്യുക.
ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിൻ കിറ്റ്, മാസ്‌ക് കോർണർ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടർമാർക്ക് നൽകാൻ ഡിസ്‌പോസിബിൾ കൈയുറകളും ഉണ്ടാകും. തെരഞ്ഞെടുപ്പിന്റെ  തലേ ദിവസം ബൂത്തുകൾ അണുവിമുക്തമാക്കും. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷമാകും വോട്ടർമാരെ ബൂത്തിലേക്ക് കയറ്റിവിടുക. 
പത്രിക സമർപ്പണം; സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ
പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. പത്രിക സമർപ്പിക്കാനെത്തുമ്പോൾ രണ്ടു വാഹനങ്ങളിൽ കൂടുതൽ പാടില്ല. കോവിഡ് പ്രതിരോധം ഉറപ്പാക്കാനായി റിട്ടേണിങ്‌ ഓഫീസർമാരുടെ മുറികളിൽ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരിക്കണം. പത്രിക സമർപ്പിക്കാനെത്തുന്നവർക്കും തെർമൽ സ്‌കാനിങിന്‌ ശേഷമായിരിക്കും പ്രവേശനം. സ്ഥാനാർഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.
190 വോട്ടിങ്‌ യന്ത്രങ്ങൾ കൂടി എത്തിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഉപയോഗിക്കാനായി 190 കൺട്രോൾ യൂണിറ്റുകളും 90 വിവി പാറ്റ് യന്ത്രങ്ങളും എത്തിച്ചു. മഹാരാഷ്ട്രയിൽനിന്ന്‌ നേരത്തെ തൃശൂരിൽ എത്തിച്ചിരുന്ന  യന്ത്രങ്ങൾ കഴിഞ്ഞദിവസം  കോട്ടയത്തെത്തിച്ചു. തിരുവാതുക്കലിലെ ഇവിഎം വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്ന ഇവയുടെ ആദ്യഘട്ട പരിശോധന ചൊവ്വാഴ്‌ച ആരംഭിക്കും.   
ബാലറ്റ് യൂണിറ്റുകൾ 3008 ജില്ലയിൽ തെരഞ്ഞെടുപ്പിന് കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ 3008 എണ്ണം വീതവും 3348 വി വി പാറ്റ് യന്ത്രങ്ങളുമാണ് ആവശ്യമുള്ളത്. 3456 ബാലറ്റ് യൂണിറ്റുകളുടെയും 2969 കൺട്രോൾ യൂണിറ്റുകളുടെയും 3321 വിവി പാറ്റ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന പൂർത്തിയായി.
വിവരശേഖരണത്തിന് തുടക്കം
തെരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള വിവരശേഖരണം തുടങ്ങി. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്.
പരിശീലനം നാളെ
തെരഞ്ഞെടുപ്പ് വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ജീവനക്കാർക്കും മാസ്റ്റർ ട്രെയിനർമാർക്കുമുള്ള പരിശീലനം ബുധനാഴ്‌ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. നിയോജക മണ്ഡലങ്ങളിലെ ട്രെയിനർമാർക്കായി ലൈവ് സ്ട്രീമിങ്‌ നടത്തും.
 ഉദ്യോഗസ്ഥർക്ക് വാക്സിൻ വിതരണം തുടങ്ങി
ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങി. ആദ്യ ദിവസമായ തിങ്കളാഴ്‌ച  കോട്ടയം നഗരത്തിൽ നാലിടങ്ങളിലായി പ്രവർത്തിച്ച എട്ടു കേന്ദ്രങ്ങളിൽ 538 പേർക്ക് കോവിഷീൽഡ് വാക്സിൻ കുത്തിവച്ചു.
ബ്ലോക്ക്, മുനിസിപ്പൽ തലത്തിലുള്ള 28 കേന്ദ്രങ്ങളിൽകൂടി ചൊവ്വാഴ്‌ച വാക്സിൻ വിതരണം ആരംഭിക്കും. സർക്കാർ വകുപ്പുകൾ, എയ്ഡഡ് കോളേജുകൾ, സ്‌കൂളുകൾ, എംജി  സർവകലാശാല,  സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പ്രതിരോധ മരുന്ന് നൽകുക. സന്ദേശം ലഭിക്കുന്നതനുസരിച്ച് ജീവനക്കാർ നിശ്ചിത കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് കലക്ടർ അറിയിച്ചു.
വോട്ടർ ബോധവൽക്കരണം നാളെ
വോട്ടർ ബോധവൽക്കരണ പരിപാടി ബുധനാഴ്‌ച  ഈരാറ്റുപേട്ടയിൽ നടക്കും. സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ്‌ ഇലക്ടറൽ പാർടിസിപ്പേഷന്റെ(സ്വീപ്) ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങ് വൈകിട്ട്‌ നാലിന് സെൻട്രൽ ജങ്‌ഷനിൽ കലക്ടർ എം അഞ്ജന ഉദ്ഘാടനം ചെയ്യും. സബ് കലക്ടർ രാജീവ് കുമാർ ചൗധരി മുഖ്യപ്രഭാഷണം നടത്തും. പാലാ ആർഡിഒ ആന്റണി സ്‌കറിയ അധ്യക്ഷനാവും. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top