കോട്ടയം
കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ സമരംചെയ്യുന്ന കർഷകർക്ക് അഭിവാദ്യം അർപ്പിക്കാൻ സ്കൂട്ടറിൽ 6700 കിലോമീറ്റർ യാത്രചെയ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ ആർ രഘു നാട്ടിൽ തിരിച്ചെത്തി. ജനുവരി 27ന് യാത്ര ആരംഭിച്ച് ഫെബ്രുവരി ഏഴിന് ഡൽഹിയിൽ എത്തി. 66 വയസ്സുള്ള ഇദ്ദേഹം തന്റെ പത്ത് വർഷം പഴക്കമുള്ള ഹോണ്ട പ്ലഷർ സ്കൂട്ടറിലാണ് യാത്ര ചെയ്തത്.
കുടക്കച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കെ ആർ രഘു ഇതിനുമുമ്പ് കേരള യാത്ര നടത്തിയിട്ടുണ്ട്. മൂന്ന് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കെ ആർ രഘുവിന് ഏറ്റുമാനൂരിൽ സാംസ്കാരിക കൂട്ടായ്മ സ്വീകരണംനൽകി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കൗൺസിലർമാരായ മഞ്ജു അലോഷ്, ഷേമ അഭിലാഷ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി പി പത്മകുമാർ, ഏറ്റുമാനൂർ കാവ്യവേദി ചെയർമാൻ പി പി നാരായണൻ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട്, കഥാകൃത്ത് പ്രിൻസ് അയ്മനം, കവികളായ ജിനിൽ മലയാറ്റിൽ, ഹരി ഏറ്റുമാനൂർ, കെ ജെ വിനോദ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുൺ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..