03 April Friday
പ്രളയാനന്തര സഹായം

അന്ന്‌ താങ്ങായി വായ്‌പ; ‌ ഇപ്പോൾ തണലായി പലിശയും

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

 

 
കോട്ടയം
പ്രളയബാധിതർക്കായി സർക്കാർ ഏർപ്പെടുത്തിയ റീസർജന്റ് കേരള വായ്പാ പദ്ധതിയുടെ പലിശ തുക വിതരണത്തിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം കുറിച്ചി ശ്രീനാരായണ ഓഡിറ്റോറിയത്തിൽ മന്ത്രി പി തിലോത്തമൻ നിർവഹിച്ചു. കുറിച്ചി പഞ്ചായത്തിലെ 26 അയൽകൂട്ടങ്ങൾക്കുള്ള പലിശ തുകയായ 10.58 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. 
ഗാർഹിക ഉപകരണങ്ങൾ വാങ്ങാനും ജീവനോപാധികൾ നേടാനും ഒരു കുടുംബശ്രീ അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപവരെയാണ്‌ പലിശരഹിത വായ്പ നൽകിയത്‌. അയൽകൂട്ടം വഴിയായിരുന്നു വിതരണം.
വായ്പ തുകയുടെ മുഴുവൻ പലിശയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്‌  നൽകും. ഗുണഭോക്താക്കളിൽ നിന്ന് ബാങ്ക് ഈടാക്കിയ ഒമ്പത് ശതമാനം പലിശയാണ് ഇപ്പോൾ സർക്കാർ തിരികെ നൽകുന്നത്. ജില്ലയിൽ 3194 അയൽക്കൂട്ടങ്ങളിലെ 31906 പേർക്കായി 221.81 കോടി രൂപ വായ്പ അനുവദിച്ചു. ഇവർക്ക് പലിശയിനത്തിൽ 13.05 കോടി രൂപ വിതരണം ചെയ്യും. 
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര ഗ്രാമവികസന വകുപ്പ് ഏർപ്പെടുത്തിയ മികച്ച സ്വാശ്രയസംഘങ്ങൾക്കുള്ള പുരസ്‌കാരത്തിന് അർഹമായ തിടനാട് പഞ്ചായത്തിലെ പഞ്ചമി അയൽക്കൂട്ടത്തെ ചടങ്ങിൽ ആദരിച്ചു. ആർ കെഎൽഎസ് വായ്പ ഏറ്റവും കൂടുതൽ നൽകിയ ബാങ്കിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ യൂണിയൻ ബാങ്ക് പ്രതിനിധി ടോജോയ്ക്ക് സമ്മാനിച്ചു. 
 കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ് മുളപ്പൻഞ്ചേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. ശോഭ സലിമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂസി ജോസഫ്, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരായ മേഴ്‌സി സണ്ണി, അരുൺ ബാബു, അംഗങ്ങളായ കെ ഡി സുഗതൻ, ബിജു തോമസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി എൻ സുരേഷ്, അസി. കോ-ഓർഡിനേറ്റർ ബിനോയ് കെ ജോസഫ്, കുറിച്ചി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ വിശ്വമ്മ ശ്രീധരൻ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top