23 March Saturday

വിവിധ കാർഷിക പദ്ധതികൾ:- കിസാൻ സമ്മാൻനിധി സംസ്ഥാനതല ഉദ‌്ഘാടനം 24ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
കോട്ടയം
കൃഷിവകുപ്പ‌് ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധി പദ്ധതിയുടെയും സംസ്ഥാനതല ഉദ‌്ഘാടനം  24 ന‌് മന്ത്രി വി എസ‌് സുനിൽകുമാർ നിർവഹിക്കുമെന്ന‌് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
വൈക്കം തലയാഴം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന‌ാണ‌് പരിപാടി. സി കെ ആശ എംഎൽഎ അധ്യക്ഷയാകും. 
 കിസാൻ സമ്മാൻ നിധി ദേശീയതലത്തിലുള്ള ഉദ‌്ഘാടന സമയത്തുതന്നെ സംസ്ഥാനതല ഉദ‌്ഘാടനവും നടക്കും. കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഗ്രോ സർവ‌ീസ‌് സെന്റർ, കേരഗ്രാമം, ജൈവകൃഷി എന്നീ പദ്ധതികളുടെ ഉദ‌്ഘാടനവും കർഷക–-ശാസ‌്ത്രജ്ഞ മുഖാമുഖം, ജില്ലാതല അവാർഡ‌് വിതരണം, കാർഷിക സെമിനാർ എന്നിവയാണ‌് നടക്കുക. 
കിസാൻ സമ്മാൻ നിധി ആദ്യഗഡു 2000 രൂപ കർഷകർക്ക‌് വിതരണംചെയ്യും. ഇതിനകം അപേക്ഷ നൽകിയവരിൽ 4882 പേർക്ക‌ാണ‌് ഇപ്പോൾ തുക ലഭ്യമാകുക. മൂന്നു തുല്യ ഗഡുക്കളായി ഒരു വർഷം 6000 രൂപയാണ‌് നൽകുന്നത‌്. ജില്ലയിൽ  ഇതിനകം ഒരു ലക്ഷത്തോളംപേർ അപേക്ഷ നൽകി. ഇതിൽ 12,018 അപേക്ഷകൾ പദ്ധതിയിലേക്ക‌് അപ‌്‌ലോഡ‌് ചെയ‌്തു. മാർച്ച‌് 31 വരെ അപേക്ഷ നൽകാം. 
കാർഷിക കർമസേന രൂപീകരിച്ച‌് ട്രാക്ടർ, ട്രില്ലർ, പമ്പ‌് സെറ്റ‌്, തെങ്ങുകയറ്റ യന്ത്രം, സ‌്പ്രേയറുകൾ തുടങ്ങിയവ ലഭ്യമാക്കുന്നതാണ‌് അഗ്രോ സർവീസ‌് സെന്റർ പദ്ധതി. യന്ത്രങ്ങളുടെ സർവീസിങ്ങിനും സൗകര്യമുണ്ട‌്. ജില്ലയിൽ ഇതിനകം മൂന്ന‌് സെന്ററുകൾ രൂപീകരിച്ചു. 32 ലക്ഷം രൂപയാണ‌് പദ്ധതിക്കായി ചെലവഴിക്കുക. കേര കർഷകർക്ക‌് ജൈവവളം, കാർഷിക യന്ത്രങ്ങൾ, ഇടവിള കൃഷി, കേടുവന്ന തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നട്ടുപിടിപ്പിക്കൽ എന്നിവയ‌്ക്കായി 45.77 ലക്ഷം രൂപ കേരഗ്രാം  പദ്ധതിയിൽ നടപ്പാക്കും. 
ആത്മ ഡയറക്ടർ റോസ‌്‌ലിന സെബാസ‌്റ്റ്യൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ കവിത, മിനി നായർ, പി പ്രമോദ‌്, അസിസ‌്റ്റന്റ‌് പ്രിൻസിപ്പൽ ഓഫീസർ ജോർജ‌് ജോസഫ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top