16 June Sunday

ജീവിതശൈലീരോഗങ്ങളെ പരിചയപ്പെടുത്തി ആര്‍ദ്രം സ്റ്റാള്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
കോട്ടയം
മുപ്പത്തിമൂന്ന് വയസ്സുള്ള ശ്രീകുമാർ തന്റെ ശരീരത്തിന്റെ പ്രായം കണ്ട് ഞെട്ടി. ശരീരത്തിന് തന്നേക്കാൾ പതിന്നാല് വയസ്സ് കൂടുതൽ. സർക്കാരിന്റെ 1000 ദിനത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയിൽ ആരംഭിച്ച ആർദ്രം മിഷന്റെ സ്റ്റാളിലാണ് ശരീരത്തിന്റെ പ്രായവും നീളവും ഭാരവും പ്രഷറും ഷുഗറും ഒക്കെ നോക്കാനായി ആളുകൾ തിക്കിത്തിരക്കിയത്. കോട്ടയം ജനറൽ ആശുപത്രിയിലെ എൻസിഡി വിഭാഗമാണ് ജീവിതശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചത്.
ശരീരത്തിലെ കോശങ്ങളുടെ പ്രായം അനുസരിച്ചാണ് ശരീരത്തിന്റെ പ്രായം കണക്കാക്കുന്നത്. ശരീരത്തിലെ ജലാംശം കുറയുന്നതനുസരിച്ച് കോശങ്ങളുടെ പ്രായവും വർധിക്കുന്നു. ധാരാളം ശുദ്ധജലം കുടിച്ചും നിറമുള്ള ഫലവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും ബേക്കറി ഭക്ഷണപദാർഥങ്ങൾ ഉപേക്ഷിച്ചും ശരീരത്തിന്റെ പ്രായം ഒരളവ് വരെ നിയന്ത്രിക്കാൻ സാധിക്കും. 
എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ഒരാൾ ഒരു ദിവസം കുടിച്ചിരിക്കണം. ശരീരത്തിലെ കൊഴുപ്പിന്റെ അളവ്,  മെറ്റബോളിസം, ബോൺമാസ്, മസിൽ മാസ് എന്നിവയെക്കുറിച്ച് അറിയാനും ഇവയെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കാനും ഒരു ഡയറ്റീഷ്യന്റെ സേവനവും ഇവിടെയുണ്ട്.
കേരളത്തിലെ മുഖച്ഛായ മാറുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളെ പരിചയപ്പെടുത്താനായി ഫോട്ടോ പ്രദർശനവും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മോഡലും ഇവിടെയുണ്ട്. ഹൃദയാരോഗ്യം വർധിപ്പിക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികളും ഫലങ്ങളും പയറുവർഗ്ഗങ്ങളും പ്രദർശിപ്പിച്ച ഹൃദയത്തിന്റെ രൂപവും ജനശ്രദ്ധയാകർഷിക്കുന്നു. ബേക്കിങ‌് സോഡ, അച്ചാറുകൾ,  ഉണക്കമീൻ, പപ്പടം എന്നിവയുടെ ഉപയോഗം ഭക്ഷണത്തിൽ കുറച്ചും പുകവലിയും മദ്യപാനവും നിർത്തിയും രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാമെന്ന് കാണിച്ച് തരുന്ന മോഡലുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top