27 September Sunday

ഭാര്യയെ കഴുത്തറുത്തുകൊല്ലാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 ചങ്ങനാശേരി

ചങ്ങനാശേരി കടമാഞ്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തുകൊല്ലാന്‍ ശ്രമിച്ചു. റോഡിലൂടെ നടന്നുപോയ അങ്കണവാടി ഹെല്‍പ്പറായ യുവതിയെയാണ് ഭര്‍ത്താവ് കഴുത്തറുക്കാൻ ശ്രമിച്ചത്. സംഭവശേഷം പ്രതി ഓടി രക്ഷപെട്ടെങ്കിലും പൊലീസ് അറസ്റ്റ് ചെയ്‌തു. വധശ്രമത്തിന്‌ കേസെടുത്തു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ യുവതി അപകടനില തരണംചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. 
  ചങ്ങനാശേരി പൊട്ടശേരി പനംപാതിക്കല്‍ വീട്ടില്‍ സിനി(35)യെയാണ് ഭര്‍ത്താവ് പ്രശോഭ്(35) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊടിനാട്ടുകുന്നേല്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ സിനി രാവിലെ ജോലിയ്ക്കായി പോകുംവഴി കടമാഞ്ചിറ ഭാഗത്ത്  പ്രശോഭ്  കാത്തുനിന്നു. സമീപത്തെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കയ്യില്‍ കരുതിയിരുന്നു. ഇവിടെവച്ച്‌ വാക്കുതര്‍ക്കത്തിനിടെ സിനിയുടെ കഴുത്തില്‍ മുറിച്ചശേഷം  പ്രശോഭ് ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്തത്തില്‍ കുളിച്ചുകിടന്ന സിനിയെ കണ്ടത്. ഉടന്‍ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കഴുത്തിലെ പ്രധാന ഞരമ്പിന് മുറിവേറ്റ സിനിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി. 
 അപകടനില തരണംചെയ്ത ഇവരുടെ മൊഴിയെടുത്തു. വീഡിയോഗ്രാഫറായ പ്രശോഭും സിനിയും തമ്മില്‍ മാസങ്ങളായി വഴക്കായിരുന്നു. മദ്യപിച്ചെത്തിയിരുന്ന പ്രശോഭ് സിനിയെ മര്‍ദിച്ചിരുന്നു. സിനി വീട്ടില്‍നിന്ന്‌ കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇതില്‍ ക്ഷുഭിതനായിരുന്നു പ്രശോഭ്. നേരത്തെ അങ്കണവാടിയില്‍ അടക്കം എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തിത്താനം പൊലീസിലും വനിതാസെല്ലിലും സിനി പരാതി  നല്‍കിയിരുന്നു. ചങ്ങനാശേരി പൊലീസ് കേസ് തൃക്കൊടിത്താനം പൊലീസിനു കൈമാറി. ഭാര്യയുടെ കഴുത്തറുത്തശേഷം  പ്രശോഭ് വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്‌ ഉച്ചയോടെ തണ്ടക്കുളത്തെ ഷാപ്പില്‍പോയി മദ്യപിച്ചു. പൊലീസിനെ കണ്ട് ഷാപ്പില്‍നിന്ന് ഇറങ്ങിയ ഓടിയ പ്രശോഭിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തൃക്കൊടിത്താനം സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top