28 November Saturday

കടുത്തുരുത്തിയിൽ കരുത്തായി എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 കടുത്തുരുത്തി

പടക്കളത്തിൽ വാളും പരിചയും നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ കടുത്തുരുത്തിയിലെ യുഡിഎഫ്‌. കേരള കോൺഗ്രസ്‌ എമ്മിന്റെ തണലിൽ പടനയിച്ച അവർക്ക്‌  കടുത്തുരുത്തിയിൽ ഇക്കുറി അഗ്‌നിപരീക്ഷ. എല്ലാക്കാലത്തും കേരള കോൺ​ഗ്രസ്‌ എമ്മിന്റെ ശക്തിയിലായിരുന്നു യുഡിഎഫ് വിജയം. എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടങ്ങൾ അംഗീകരിച്ചും വർഗീയതക്കെതിരായ നിലപാടെടുത്തും ഇടതുപക്ഷമാണ്‌ ശരിയെന്ന്‌ പ്രഖ്യാപിച്ചാണ്‌ കേരള കോൺഗ്രസ്‌ എം യുഡിഎഫ്‌ വിട്ടത്‌.  
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺ​ഗ്രസ്‌ എം ഉൾപ്പെടുന്ന എൽഡിഎഫ്‌ വൻ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ്‌ വോട്ടർമാരുടെ വിലയിരുത്തൽ. കടുത്തുരുത്തി ഡിവിഷൻ രൂപീകരിച്ചത് മുതൽ കേരള കോൺ​ഗ്രസ്‌ എമ്മാണ് ഇവിടെ വിജയിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തന മികവും ഡിവിഷനിൽ ജില്ലാ പഞ്ചായത്തം​ഗങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളും എൽഡിഎഫ്‌ വിജയം കൂടുതൽ എളുപ്പമാക്കും. കടുത്തുരുത്തി പഞ്ചായത്തിലെ 19 വാർഡുകളും ഞീഴൂർ പഞ്ചായത്തിലെ 14 വാർഡുകളും കല്ലറ പഞ്ചായത്തിലെ അഞ്ച് വാർഡുകളും മാഞ്ഞൂർ പഞ്ചായത്തിലെ -ഏഴ്‌  വാർഡുകളും മുളക്കുളം പഞ്ചായത്തിലെ രണ്ട്‌ വാർഡ്‌, തലയോലപ്പറമ്പ്‌ പഞ്ചായത്തിലെ ഏഴാം വാർഡ് ഉൾപ്പെടെ 48 വാർഡുകളാണ് ഡിവിഷനിലുള്ളത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിനായിരുന്നു. എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും അം​ഗങ്ങൾ. യുഡിഎഫിലെ ആറ്‌ അം​ഗങ്ങളിൽ മൂന്നുപേരും കേരള കോൺ​ഗ്രസ്‌ എം അം​ഗങ്ങളായിരുന്നു. മുമ്പ്‌ ജില്ലാ കൗൺസിൽ ആയിരുന്നപ്പോഴും കേരള കോൺ​ഗ്രസ്‌ എമ്മിനായിരുന്നു വിജയം. 
എൽഡിഎഫ്‌ സ്ഥാനാർഥി ജോസ്‌ പുത്തൻകാലാ 2010ൽ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിച്ചപ്പോൾ  7777 വോട്ടിനാണ്‌ വിജയിച്ചത്. ബ്ലോക്കിലും പഞ്ചായത്തിലും അംഗമായതിന്റെ ഭരണപരിചയവുമുണ്ട്‌‌. കേരള കോൺ​ഗ്രസ്‌ എമ്മിന്റെ ശക്തനായ ജനകീയ നേതാവ് എന്ന നിലയിലും ജോസ് പുത്തൻകാലാ നിറസാന്നിധ്യമാണ്. ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ലാ കമ്മിറ്റിയം​ഗം എം പി ബാബു എൻഡിഎ സ്ഥാനാർഥിയായും ജനവിധി തേടുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top