28 November Saturday

ഇടതുകോട്ടയിളകാതെ കുമരകം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 കോട്ടയം

ഏത്‌ കാറ്റടിച്ചാലും ഇളകാത്ത ഇടതുപക്ഷ കോട്ടയാണ്‌ കുമരകവും തിരുവാർപ്പും അയ്‌മനവുമെന്ന്‌ എതിരാളികൾ പോലും സമ്മതിക്കും. അതിനൊപ്പം ആർപ്പൂക്കരയിലെ ഒന്നാംവാർഡും ചേരുന്നതോടെ കരുത്തിൽ കുതിയ്‌ക്കുകയാണ്‌ കുമരകം ഡിവിഷൻ.   
കുഗ്രാമങ്ങളായിരുന്ന വേമ്പനാട്ടുകായലിന്റെ തീരമേഖലകളിലേക്ക്‌ വികസനത്തിന്റെ തോണിയടുപ്പിച്ചത്‌ ഇടതുപക്ഷമാണെന്നാണ്‌ ഈ‌ നാടിന്റെ പൊതുവികാരം‌. യുഡിഎഫിന്റെ ഭിന്നിപ്പ്‌ രാഷ്ട്രീയവും ബിജെപിയുടെ വർഗീയ പ്രചാരണവും അത്രയൊന്നും ഏശാത്ത മേഖലയിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ സ്വാധീനം ഭൂരിപക്ഷം വീടുകളിലുമുണ്ട്‌. 
വീടായും വെളിച്ചമായും കുടിവെള്ളമായും പെൻഷനായും ജീവനോപാധികളായും എൽഡിഎഫ്‌ സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം പടുത്തുയർത്തിയവർക്ക്‌ ചെങ്കൊടിത്തണലാണ്‌ എന്നും ആശ്രയം‌. ഏത്‌ പ്രതിസന്ധിയിലും ഇടതുപക്ഷത്തെ കൈവിടാത്ത പാരമ്പര്യമാണ്‌ മണ്ഡലത്തിന്റെ പൊതുസ്വഭാവം. 1995 മുതലുള്ള കാൽനൂറ്റാണ്ടിനിടെ ഒരുതവണ മാത്രമാണ്‌ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ്‌ വിജയം. 
കുമരകം, തിരുവാർപ്പ്‌ പഞ്ചായത്തുകൾ പൂർണമായും അയ്‌മനത്തെ ഒന്ന്‌, രണ്ട്‌, മൂന്ന് കൂടാതെ 11 മുതൽ 20 വരെ വാർഡുകളും ആർപ്പൂക്കരയിലെ ഒന്നാം വാർഡും ഉൾപ്പെടെ 48 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ ഡിവിഷൻ. പഞ്ചായത്ത്‌ വാർഡുകളിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനുകളിലും കൂടുതൽ സീറ്റുകളിലും എൽഡിഎഫാണ്‌‌ വിജയിക്കുന്നത്‌.  കഴിഞ്ഞ തവണത്തെ പ്രതിനിധി ജയേഷ്‌മോഹൻ ഡിവിഷനിലുടനീളം നടത്തിയ കോടിക്കണക്കിന്‌ രൂപയുടെ വികസനനേട്ടങ്ങളും എൽഡിഎഫ്‌ വിജയത്തിന്‌ അടിവരയിടുന്നു. 
 മണ്ഡലത്തിലുടനീളം സുപരിചിതയായ കെ വി ബിന്ദുവാണ്‌ എൽഡിഎഫ്‌ സാരഥി. കുമരകം സ്വദേശിയായ കെ വി ബിന്ദു  ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയംഗവുമാണ്‌. 
 കുമരകത്ത്‌ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ വളണ്ടിയറായി പൊതുരംഗത്ത്‌ എത്തിയ ബിന്ദു ഡിവൈഎഫ്‌ഐയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ജില്ലാ കമ്മിറ്റിയംഗമായിരുന്നു. പള്ളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗമായും കുമരകം  പഞ്ചായത്തംഗമായും കഴിവുതെളിയിച്ചു. 2010ൽ വിജയിച്ച ബീന ബിനുവാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. എൻഡിഎയ്‌ക്കുവേണ്ടി ജാൻസി ഗണേഷ്‌ മത്സരിക്കുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top