20 November Wednesday

ലഹരി കുപ്പിയിലാക്കി ഉപയോഗിച്ച വിദ്യാർഥികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 

 
കണമല 
കഞ്ചാവ് ലഹരിക്ക് കുറുക്കുവഴിതേടി കൗമാരപ്രായക്കാർ ചെന്നെത്തിയത് മാരകമായ മറ്റൊരു മയക്കുമരുന്ന് പുകയിലേക്ക്. അതിരാവിലെ നദീതീരത്ത് ചെറിയ തോതിൽ വെളുത്ത പുകപടലം ഉയരുന്നത് എന്താണെന്നറിയാൻ പഞ്ചായത്ത്‌ അംഗം ചെന്ന് നോക്കുമ്പോൾ കണ്ടത് കുപ്പിയിൽ നിന്നും പുക ശ്വസിച്ച് ലഹരിയിലാകുന്ന രണ്ട് വിദ്യാർഥികളെ. പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ  ദ്രാവകവും പൊടിയും കലർന്ന മിശ്രിതം  കത്തിച്ച് വിദ്യാർഥികൾ പുക ശ്വസിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് പഞ്ചായത്തംഗം പറയുന്നു. അപ്പോൾ തന്നെ വിദ്യാർഥികളെ പിടികൂടിയ  പഞ്ചായത്ത്‌ അംഗം എക്‌സൈസ് അധികൃതരെ വിവരമറിയിക്കുകയും വിദ്യാർഥികളെ താക്കീത് ചെയ്യുകയും ചെയ്തു. 
പുക ശ്വസിക്കാൻ ഉപയോഗിച്ച വസ്തുക്കൾ അംഗം പിടിച്ചെടുക്കുന്നതിനിടെ കുപ്പിയിൽ നിറച്ചതിന് ശേഷം ബാക്കിവച്ച  ലഹരി അടങ്ങിയ പൊതി വിദ്യാർഥികൾ നദിയിലേക്ക് വലിച്ചെറിഞ്ഞെന്നും അംഗം പറയുന്നു. കൗൺസിലിങ്‌ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. എരുമേലി എക്‌സൈസ് റേഞ്ച് അധികൃതർ സംഭവത്തിൽ അന്വേഷണവും  ആരംഭിച്ചു. വിദ്യാർഥികൾക്ക് ലഭിച്ച ലഹരിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഉണ്ടാകും. കഴിഞ്ഞയിടെ പമ്പ റോഡിൽ നിലക്കൽ ഭാഗത്തുവച്ച് എരുമേലിയുടെ കിഴക്കൻ മേഖലയിലെ ഒരു വിദ്യാർഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. 
കഴിഞ്ഞയിടെ രാസനിർമിത പശയും ജെല്ലും ഉപയോഗിച്ച് ലഹരിയുടെ പുക വിദ്യാർഥി സംഘം ശ്വസിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എരുമേലിക്കടുത്ത് നടന്ന ഈ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയും വിദ്യാർഥി സംഘത്തെ പിടികൂടുകയും ചെയ്തു. വിലയേറിയതിനാൽ  കഞ്ചാവ് വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പണച്ചിലവ് കുറഞ്ഞ ലഹരിയുടെ സാങ്കേതിക വിദ്യ  കൗമാരപ്രായക്കാർ തേടുന്ന സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. 
 
 
 
പ്രധാന വാർത്തകൾ
 Top