19 September Thursday

ഗുണ്ടാസംഘം പൊലീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 ഏറ്റുമാനൂർ

കഞ്ചാവ്‌ വില്പനയെ എതിർത്ത ഗൃഹനാഥനെ ആക്രമിക്കാൻ എത്തിയ ഗുണ്ടാസംഘം പൊലീസ്‌ പട്രോളിങ്‌ സംഘത്തിനുനേരെ  പെട്രോൾ ബോംബെറിഞ്ഞു. തൊട്ടുമുന്നിൽ വീണ്‌ പൊട്ടിത്തെറിച്ച  ബോംബിൽനിന്ന്‌ തലനാരിഴയ്‌ക്കാണ്‌ പൊലീസുകാർ രക്ഷപ്പെട്ടത്‌. സംഭവത്തിൽ ഉൾപ്പെട്ട കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫ്(21)  പിടിയിലായി. ബുധനാഴ്‌ച പുലർച്ചെ ഒന്നോടെ കോട്ടമുറിയ്ക്ക് സമീപം ഏറ്റുമാനൂർ പൊലീസിനു നേരെയാണ്‌ ആക്രമണം.  
ഏറ്റുമാനൂർ കോട്ടമുറി കോളനിയ്ക്ക് സമീപം രാത്രി എട്ടോടെ  പയസ് എന്നയാളുടെ വീട്‌ ആക്രമിച്ച സംഘം പുലർച്ചെ പയസിന്റെ സഹോദരന്റെ വീട് ആക്രമിക്കാൻ വീണ്ടും എത്തിയതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേരെ പ്രതികൾ പെട്രോൾ ബോംബ് എറിഞ്ഞു. 10 പെട്രോൾ ബോംബുകളും രണ്ടു വടിവാളും അടക്കമുള്ള മാരകായുധങ്ങളുമായാണ്‌ ഗുണ്ടാസംഘം എത്തിയത്‌. നാലു മാസം മുമ്പ്‌ കുറവിലങ്ങാട്‌ എക്‌സൈസിനെ ആക്രമിച്ച കേസിലെ പ്രതികളാണ്‌. 
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് പെട്രോൾ നിറച്ച ബിയർ കുപ്പികളും വടിവാളുകളും കണ്ടെടുത്തു. അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തലവൻ നീണ്ടൂർ സ്വദേശി ജോർജ് കുട്ടിയുടെ സംഘത്തിലുൾപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മറ്റ്‌ പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയതായി ഏറ്റുമാനൂർ സിഐ എ ജെ തോമസ്‌ പറഞ്ഞു. 
കോട്ടമുറി കോളനിയിൽ നേരത്തെ കഞ്ചാവ് വില്പനയെ പ്രദേശവാസികളുടെ നേതൃത്വത്തിൽ എതിർത്തിരുന്നു. ഇതേത്തുടർന്ന് ഗുണ്ടാസംഘവും പ്രദേശവാസികളായ നാട്ടുകാരും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായാണ്‌ ആക്രമണത്തിന്‌ പദ്ധതിയിട്ടത്‌.   
 രണ്ട് വാഹനങ്ങളിലായി എത്തിയ ആറംഗ ഗുണ്ടാസംഘം പൊലീസിനെ കണ്ട്‌ വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഇവരുടെ  വാഹനങ്ങൾ കൂട്ടിയിടിച്ചു. വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുന്നതിനിടെ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഞ്ചാവ് വില്പനയടക്കം നിരവധി കേസുകളിൽ പ്രതിയായ നിധിൻ തോമസും സംഘവുമാണ് ആക്രമണത്തിന് എത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top