22 August Thursday

മഴ കനത്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

സംക്രാന്തി വട്ടമാലിയിൽ വെള്ളം കയറിയ വീടുകൾ

കോട്ടയം

രണ്ടുദിവസമായി ചെയ്യുന്ന കനത്തമഴയിൽ കോട്ടയം നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പല വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. തിരുവാർപ്പ‌് പഞ്ചായത്തിലെ മലരിക്കൽ, കാഞ്ഞിരം നഗരസഭാ പ്രദേശത്തെ കാരാപ്പുഴ, തിരുവാതുക്കൽ, പതിനാറിൽചിറ, പാറോച്ചാൽ , കുമരകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ, അയ‌്മനം ആർപ്പൂക്കര പഞ്ചായത്തുകളിലാണ‌് വെള്ളം കയറിയത‌്. 

  മീനച്ചിലാറ്റിലെ ജലനിരപ്പ‌് ഉയർന്നു. മഴ ശക്തമായതിനാൽ വെള്ളം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന‌് അധികൃതർ മുന്നറിയിപ്പ‌് നൽകി. കുമരകത്ത‌് ഞായറാഴ‌്ച രാവിലെ വലിയ മരം റോഡിൽ വീണ‌് ഗതാഗതം മുടങ്ങി. ഫയർഫോഴ‌്സ‌് എത്തി മൂന്ന‌് മണിക്കൂറെടുത്താണ‌് മരം മുറിച്ച‌് മാറ്റിയത‌്. ചുങ്കത്ത‌് വള്ളത്തിൽ പോയ സ‌്ത്രീ ഒഴുക്കിൽപ്പെട്ടു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. സംക്രാന്തിയിൽ റെയിൽവേ അടിപ്പാതയിൽ വെള്ളം കെട്ടിനിന്ന‌് മാലി പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് മാറ്റി. കോട്ടയത്ത‌് രണ്ട‌് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. മൊത്തം നാല‌് ക്യാമ്പുകളാണ‌് പ്രവർത്തിക്കുന്നത‌്. ചിങ്ങവനം പന്നിമറ്റം നിർമിതി കോളനി കമ്യൂണിറ്റി ഹാളിൽ പത്ത‌് കുടുംബത്തിൽ നിന്ന‌് 50 പേരും, പെരുമ്പായിക്കാട‌് എസ‌്എൻഎൽപിഎസിൽ നാല‌് കുടുംബങ്ങളിൽ നിന്ന‌് 17 പേരും, വിജയപുരം പിഎച്ച‌്എസിൽ രണ്ട‌് കുടുംബങ്ങളിൽ നിന്നായി ഒൻപത‌് പേരും, പെരുമ്പായിക്കാട‌് സെന്റ‌് മേരീസ‌് യാക്കോബായ പള്ളി ഹാളിൽ രണ്ട‌് കുടുംബങ്ങളിൽനിന്ന‌് ആറ‌് പേരുമാണ‌് കഴിയുന്നത‌്. ഇവർക്ക‌് വേണ്ട സഹായങ്ങൾ വില്ലേജ‌് ഓഫീസിൽനിന്ന‌് ലഭ്യമാക്കിയിട്ടുണ്ട‌്.

  വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി. ഫോൺ: കോട്ടയം – -0481 2304800, ചങ്ങനാശേരി–-0481 2420037, മീനച്ചിൽ–- 0482 2212325, കാഞ്ഞിരപ്പള്ളി –- 0482 8202331, വൈക്കം–- 0482 9231331.

 

 

പ്രധാന വാർത്തകൾ
 Top