30 July Friday
ചക്രസ്‌തംഭന 
സമരം

നിരത്ത്‌ 
നിശ്ചലമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

ഇന്ധനവില കൊള്ളക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചക്രസ്തംഭന സമരം. കോട്ടയം ടി ബി റോഡിൽ നിന്നുള്ള ദൃശ്യം

 തിരുവനന്തപുരം/കോട്ടയം

കോവിഡ്‌ ദുരിതത്തിനിടെ ഇന്ധനവില കൂട്ടി വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ നിരത്ത്‌ നിശ്ചലമാക്കി കേരളത്തിന്റെ പ്രതിഷേധം. ട്രേഡ്‌ യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ചക്രസ്‌തംഭന സമരത്തിൽ സംസ്ഥാനം കാൽ മണിക്കൂറിലേറെ നിശ്ചലമായി. പകൽ 11 മുതൽ 11.15 വരെ വാഹനം നിർത്തിയിട്ടായിരുന്നു പ്രതിഷേധം. തൊഴിലാളികൾക്കൊപ്പം ജനങ്ങളും അണിനിരന്നതോടെ സമരം പൂർണമായി. അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ–- ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം സ്റ്റാച്യുവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു.  
 സമരം വിജയിപ്പിച്ച എല്ലാവരെയും ട്രേഡ് യൂണിയൻ സംയുക്ത സമിതി ജനറൽ സെക്രട്ടറി എളമരം കരീം എംപി അഭിവാദ്യം ചെയ്‌തു. കോട്ടയം ജില്ലയിൽ 1500 ലേറെ കേന്ദ്രങ്ങളിൽ സമരം നടന്നു. തിങ്കളാഴ്‌ച പകൽ പകൽ 11 മുതൽ 15 മിനിറ്റ്‌ സമയം റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു സമരം. സമരവുമായി പൊതുജനങ്ങളും സഹകരിച്ചു.
 കോട്ടയം തിരുനക്കരയിൽ എംസി റോഡിൽ നടത്തിയ സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉദ്ഘാടനംചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌ അധ്യക്ഷനായി. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം എ വി റസൽ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, അഡ്വ. സന്തോഷ്‌കുമാർ(എഐടിയുസി), ജോസ്‌ പുത്തൻകാല(കെടിയുസി), അസീസ്‌ കുമാരനല്ലൂർ(എസ്‌ടിയു), മുണ്ടക്കയം സോമൻ(യുടിയുസി), സജി നൈനാൻ(ഐഎൻഎൽസി), പി കെ ആനന്ദക്കുട്ടൻ(എൻഎൽസി), എം കെ ദിലീപ്‌(ടിയുസിഐ) സമരസമിതി കൺവീനർ വി പി കൊച്ചുമോൻ എന്നിവർ സംസാരിച്ചു.
  ആലപ്പാട്‌ ജങ്‌ഷനിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ജെ വർഗീസ്  ഉദ്‌ഘാടനംചെയ്‌തു. പി കെ കൃഷ്‌ണൻ അധ്യക്ഷനായി. പോസ്‌റ്റ്‌ഓഫീസ്‌ ജങ്‌ഷനിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top