20 June Thursday

പ്രവേശനോത്സവത്തിന് സ്‌കൂളുകൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
കോട്ടയം
വേനലവധിക്കുശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ജില്ലയിൽ അന്തിമ ഘട്ടത്തിൽ. ജൂൺ മൂന്നിനാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. എല്ലാ സ്‌കൂളുകളിലേക്കുമുള്ള പുസ്തക വിതരണം പൂർത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി ഷൈലകുമാരി പറഞ്ഞു.  കാഞ്ഞിരപ്പള്ളി പനമറ്റം ഗവൺമെന്റ് ഹൈസ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം. 
പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്ക് പുതിയതായി 13,005 വിദ്യാർഥികൾ മെയ് 17 വരെ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ പഠനം ആരംഭിക്കുന്ന 6,273 പേരും ഇതിൽ ഉൾപ്പെടുന്നു. പുതിയ അഡ്മിഷനുകൾ ഏറ്റവും കൂടുതൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലാണ് –-1722 പേർ. സ്‌കൂൾ തുറക്കുന്നതുവരെ പ്രവേശന നടപടികൾ തുടരും. 
ഒന്നാം ക്ലാസിലും പ്ലസ് വണ്ണിലും ഒരേ ദിവസം ക്ലാസ് ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. രണ്ട് ക്ലാസുകളിലേക്കുമുള്ള പ്രവേശനോത്സവം സംയുക്തമായാണ് നടത്തുക. സ്‌കൂളുകളുടെ അറ്റകുറ്റപണികളും മഴക്കാലപൂർവ ശുചീകരണവും പൂർത്തിയായി. കിണറുകൾ വൃത്തിയാക്കുകയും ജലസംഭരണികളും ടോയ്‌ലറ്റുകളും ശുചീകരിക്കുകയും ചെയ്തു. അപകട സാധ്യതയുള്ള മരശിഖരങ്ങൾ വെട്ടിമാറ്റി. അധ്യാപക- രക്ഷാകർതൃ സംഘടനയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. കിണർ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിൽ തൊട്ടടുത്തുള്ള കുടിവെള്ള സ്രോതസുകൾ പ്രയോജനപ്പെടുത്തും. 
 അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ലഭ്യമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എൽപി വിഭാഗത്തിലും സ്മാർട്ട‌് ക്ലാസ് മുറികൾ സജ്ജമാക്കുന്നിനുള്ള നടപടികൾ പൂർത്തിയായിവരുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ക്ഷണിക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഗൃഹ സമ്പർക്ക പരിപാടി പൂർത്തിയായി. അധ്യാപകർക്കുള്ള പരിശീലനം 25 ന് സമാപിക്കും.
നാല് ഡിഇഒമാരുടെയും 13 എഇഒമാരുടെയും നേതൃത്വത്തിലാണ് വിവിധ മേഖലകളിൽ മുന്നൊരുക്കങ്ങൾ നടത്തിയത്. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുന്നതിന് ലക്ഷ്യമിട്ട് എല്ലാ സ്‌കൂളുകളിലും പഠനോത്സവങ്ങൾ നടത്തിയിരുന്നു. 
 
പ്രധാന വാർത്തകൾ
 Top