21 August Wednesday

ആവേശക്കലാശം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

 കോട്ടയം

നഗരത്തെ ഇളക്കിമറിച്ച‌് ആവേശം വാരിവിതറി ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണത്തിന‌് കൊട്ടിക്കലാശം. ആഴ‌്ചകളോളം കോട്ടയത്തെ ഉഴുതുമറിച്ച പ്രചാരണത്തിന‌് ഇതോടെ അവസാനമായി. ആരെ വേണമെന്ന ധാരണ ഇപ്പോഴേ ജനമനസ്സിൽ രൂപപ്പെട്ടുകഴിഞ്ഞു. അത‌് ഊട്ടിയുറപ്പിക്കാനുള്ള ദിവസമാണ‌് തിങ്കളാഴ‌്ച. അന്ന‌് ശബ്ദപ്രചാരണം പാടില്ല. ചൊവ്വാഴ‌്ച ജനം അന്തിമ വിധിയെഴുതാൻ ബൂത്തുകളിലേക്ക‌്.
 ദേശീയ–-സംസ്ഥാന–-ലോക രാഷ‌്ട്രീയ ചലനങ്ങൾ സമഗ്രമായി അപഗ്രഥിച്ച‌് രാഷ‌്ട്രീയ പാർടികളും മുന്നണികളും സജീവമാക്കി നിർത്തിയ പ്രചാരണ ദിനങ്ങളാണ‌് കോട്ടയത്ത‌് കൊട്ടിയൊഴിഞ്ഞത‌്. സമാധാനപരമായിരുന്നു പരിപാടി‌. ജില്ലാ ആസ്ഥാനത്തിനുപുറമെ ബൂത്ത‌് തലത്തിലും നിയമസഭാ മണ്ഡലം ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം നടന്നു. 
  ഞായറാഴ‌്ച വൈകിട്ടു മൂന്നിനുമുമ്പേ പ്രവർത്തകർ കോട്ടയം ഗാന്ധി സ‌്ക്വയറിൽ എത്തി. ഓരോ മുന്നണിക്കും പ്രത്യേക സ്ഥാനം നിശ‌്ചയിച്ചു നൽകിയിരുന്നു. കൊട്ടും പാട്ടുമായി പ്രവർത്തകർ നഗരത്തിലേക്ക‌് ഒഴുകിയപ്പോൾ തിരുനക്കര ആവേശക്കടലായി. കൂറ്റൻ ചെങ്കൊടികളും സ്ഥാനാർഥി വി എൻ വാസവന്റെ കട്ടൗട്ടുകളുമായാണ‌് എൽഡിഎഫ‌് പ്രവർത്തകർ എത്തിയത‌്. ചെണ്ടമേളവും ഗാനവും നൃത്തവുമായി പ്രവർത്തകർ തിരുനക്കരയിൽ ആവേശക്കടലിരമ്പം തീർത്തു. വി എൻ വാസവന്റെ ചിത്രമുള്ള വെളുത്ത ടീഷർട്ടും തലയിൽകെട്ടുമായാണ‌് എൽഡിഎഫ‌് പ്രവർത്തകർ എത്തിയത‌്. വൈകിട്ട‌് അഞ്ചോടെ വി എൻ വാസവൻ എത്തിയപ്പോൾ ആവേശം ഉച്ചസ്ഥായിലായി. എൽഡിഎഫ‌് നേതാക്കളും വാസവനൊപ്പം ഉണ്ടായിരുന്നു. കൊട്ടിക്കലാശം കാണാൻ നിരവധി പേർ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽ സ്ഥാനം പിടിച്ചിരുന്നു. യുഡിഎഫ‌്, എൻഡിഎ സ്ഥാനാർഥികളും കൊട്ടിക്കലാശത്തിന‌് എത്തി.
എൽഡിഎഫ‌് നേതാക്കളായ എ വി റസ്സൽ, സി കെ ശശിധരൻ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ‌്ണൻ, പി ജെ വർഗീസ‌്, അഡ്വ. കെ അനിൽകുമാർ, എം കെ പ്രഭാകരൻ, ബി ശശികുമാർ, അഡ്വ. വി ബി ബിനു, രാജീവ‌് നെല്ലിക്കുന്നേൽ, പി കെ ആനന്ദകുട്ടൻ, സാബു മുരിക്കവേലി, ഫ്രാൻസിസ‌് തോമസ‌്,  മനോജ‌് ചെമ്മുണ്ടവള്ളി, സജി നൈനാൻ എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top