24 August Saturday
മണ്ഡലത്തെ ഒരിക്കലും അനാഥമാക്കില്ല

എന്റെ അനുഭവം പറയട്ടെ; ഇത‌് ഒരിക്കലും കാണാത്ത കാഴ‌്ച

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

 കോട്ടയം

കോട്ടയം ലോക‌്സഭാ മണ്ഡലത്തിൽ എൽഡിഎഫ‌് ചരിത്ര വിജയം നേടുമെന്ന‌് വി എൻ വാസവൻ പറഞ്ഞു. തന്റെ അനുഭവത്തിൽനിന്നാണ‌് ഇത‌് പറയുന്നത‌്. ഏഴ‌് അസംബ്ലി മണ്ഡലത്തിലും പലവട്ടം പര്യടനം നടത്തി. എല്ലായിടത്തും ആവേശകരമായ സ്വീകരണമായിരുന്നു. വീടുകളിലെയും കൃഷിയിടങ്ങളിലെയും വിഭവങ്ങളുമായാണ‌് ഓരോരുത്തരും എത്തിയത‌്. മാലകൾ കൂടാതെ പഴങ്ങളും പച്ചക്കറികളും കുടം നിറച്ച‌് പാലും വരെ ജനങ്ങൾ തന്നു. തങ്ങളുടെ കുടുംബങ്ങളിലേക്ക‌് ഓരോരുത്തരും സ്വീകരിക്കുന്നുവെന്ന പ്രതീതിയായിരുന്നു. ഇത‌് ഒരു തെരഞ്ഞെടുപ്പിലും കാണാത്ത അനുഭവമാണ‌്–- തിരുനക്കരയിലെ കലാശക്കൊട്ടിലെ ആവേശക്കടലിനിടെ അദ്ദേഹം വെളിപ്പെടുത്തി.
 കേരളത്തിൽ ഇടതുമുന്നണിയുടെ ഉജ്വല വിജയം പ്രകടമാണ‌്. ഈ തെരഞ്ഞെടുപ്പിൽ സംഭവിക്കുന്നത‌് മൂന്നു കാര്യങ്ങളാവും. യുഡിഎഫിന‌് വരുന്ന ദയനീയ പരാജയമാണൊന്ന‌്. എൻഡിഎ കേരളത്തിൽ അക്കൗണ്ട‌് തുറക്കില്ലെന്നതാണ‌് അടുത്ത‌ത‌്. അഭിപ്രായ സർവേ നടത്തിയ  മാധ്യമ ഭീകരന്മാർക്ക‌് ഏൽക്കുന്ന പരാജയമാണ‌് മൂന്നാമത്തേത‌്. ചാനലുകൾ മുമ്പ‌് നടത്തിയ സർവേകളും പരാജയപ്പെട്ടിരുന്നു. 2004 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് 14 ഉം എൽഡിഎഫിന‌് ആറും സീറ്റ‌് കിട്ടുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ എൽഡിഎഫിന‌് ലഭിച്ചത‌് 18 സീറ്റ‌്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് 75 സീറ്റ‌് കിട്ടുമെന്ന‌് പ്രവചിച്ചു. പക്ഷേ, വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ‌് അധികാരത്തിൽ വരുന്നതാണ‌് കണ്ടത‌്. ചാനലുകളുടെയെല്ലാം പ്രവചനം തെറ്റിച്ച‌് ഇക്കുറിയും എൽഡിഎഫ‌് ചരിത്രജയം നേടും. 2004 ലേതിനെക്കാൾ വലിയ വിജയമായിരിക്കും അത‌്– വാസവൻപറഞ്ഞു.
ദേശീയ തലത്തിൽ ഇടതുപക്ഷത്തിന‌് ചരിത്രമുന്നേറ്റമുണ്ടാക്കുന്ന സംഭാവനയുമായി കേരളം മുന്നോട്ടുവരും. ബിജെപി സർക്കാരിന്റെ വർഗീയ ഭ്രാന്തിനെതിരെയും ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന നയത്തിനെതിരെയും പോരാടാൻ എൽഡിഎഫിനെ കഴിയൂ. കാലവും ചരിത്രവും ഏൽപ്പിക്കുന്ന ആ ദൗത്യം കൃത്യമായി ഏറ്റെടുക്കാൻ എൽഡിഎഫ‌് മുന്നോട്ടുവരികയാണ‌്. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന കേര‌ളത്തിലെ എൽഡിഎഫ‌് സർക്കാരിനെ ജനങ്ങൾ ഉറ്റുനോക്കുന്നു. എൽഡിഎഫ‌ിന‌് ചരിത്ര വിജയം ഉറപ്പെന്ന കാഴ‌്ചകളാണ‌്   എങ്ങും –അദ്ദേഹം  പറഞ്ഞു. 
"2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തുനിന്ന‌് ജനങ്ങൾ എന്നെ തെരഞ്ഞെടുത്തതിനെ നന്ദിയോടെ ഓർക്കുന്നു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിന‌് അടിത്തറ പാകാനും ഒട്ടേറെ വൻ പദ്ധതികൾ കൊണ്ടുവരാനുമായി. ലോക‌്സഭയിലേക്ക‌് എന്നെ തെരഞ്ഞെടുത്താൽ നിങ്ങൾ എന്നിൽ അർപ്പിക്കുന്ന സ‌്നേഹവും വിശ്വാസവും ഒരിക്കലും കളങ്കപ്പെടുത്തില്ല.  മണ്ഡലത്തെ ഒരിക്കലും അനാഥമാക്കില്ല. അക്ഷരനഗരി നെഞ്ചോട‌് ചേർന്നു നിൽക്കുന്ന ഈ കോട്ടയത്ത‌് എല്ലാ വിഭാഗം ജനങ്ങൾക്കുമായി നെഞ്ചുറപ്പോടെ പ്രവർത്തിക്കുമെന്ന‌് ഉറപ്പുതരുന്നു– വി എൻ- വാസവൻ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top