മൂലമറ്റം
കാഞ്ഞാർ മൂന്നുങ്കവയൽ വഴിയുള്ള ഇലപ്പള്ളി വാഗമൺ റൂട്ടിലെ മണപ്പാടി ചപ്പാത്തിന്റെ സംരക്ഷണഭിത്തിയും കോൺക്രീറ്റ് കെട്ടും തകർന്നതോടെ യാത്ര അപകടകരം. കഴിഞ്ഞവർഷത്തെ മലവെള്ളപ്പാച്ചിലില്‍ തകർന്ന സംരക്ഷണഭിത്തിയുടെ ഉള്ളിലൂടെ വെള്ളം കയറി മണ്ണ് ഒലിച്ചുപോയി വലിയ ഗർത്തം രൂപപ്പെട്ടു. ഒരു മഴക്കാലം കൂടി കടന്നുപോകില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചപ്പാത്തിനു മുകളിലൂടെ ഭാരവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നതാണ്.
മണപ്പാടി ചപ്പാത്തിന് മുകളിലുണ്ടായിരുന്ന തടയണ അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ചുനീക്കിയിരുന്നു. ഇതിന്റെ അവശിഷ്‍ടങ്ങൾ സമീപമുള്ള തോട്ടിൽ കിടക്കുകയാണ്. ശക്തമായ മഴ പെയ്താൽ ഇവ ഒഴുകിയെത്തി ചപ്പാത്ത് തകരും. തടയണ പലതവണ നിറഞ്ഞ് സമീപത്തെ പല വീടുകളിലും വെള്ളം കയറുകയും മണപ്പാടി റോഡ് നശിച്ചതുമാണ്. ഇതോടെയാണ് തടയണയ്‌ക്ക് സംരക്ഷണ ഭിത്തി നിർമിച്ച് വെള്ളമൊഴുക്ക് തടഞ്ഞത്. മലവെള്ളപ്പാച്ചിലിൽ തടയണയിൽ കല്ലും മണലും നിറഞ്ഞതോടെയാണ് സംരക്ഷണഭിത്തി തകർന്നത്.
കാഞ്ഞാറിൽനിന്നുള്ള ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് 25 വർഷത്തോളമായി. മുമ്പ് റോഡും ചപ്പാത്തും പഞ്ചായത്ത് വകയായിരുന്നു. നൂറുകണക്കിന് സ്കൂൾ കുട്ടികളും യാത്രക്കാരും സഞ്ചാരിക്കുന്ന ചപ്പാത്ത് തകർന്നാൽ കാർഷിക മേഖലയായ കണ്ണിക്കൽ, പുത്തേട് പ്രദേശങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ നടന്ന് കാഞ്ഞാർ വഴി പോകേണ്ടിവരും. എത്രയും വേഗം മണപ്പാടി ചപ്പാത്തിന്റെ അപകടാവസ്ഥ പരിഹരിക്കമമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..