30 November Monday
മന്ത്രി തിരുവാർപ്പ്‌ സന്ദർശിച്ചു

പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 കോട്ടയം

കൊറോണ വ്യാപനം തടയാനുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ജില്ലയിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സ്പ്രേയറുകൾ ഉപയോഗിച്ച് അണു നശീകരണം നടത്തും. സർക്കാർ ഓഫീസുകളിൽ അണുനശീകരണം നടത്തുന്നുണ്ടെന്ന് ഓഫീസ് മേധാവികൾ ഉറപ്പാക്കണം.  
 ജില്ലയിലെ പ്രതിരോധ നടപടികൾ കലക്ടറേറ്റിൽ ചേർന്ന യോഗം അവലോകനം ചെയ്തു. കലക്ടർ പി കെ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എഡിഎം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, മുനിസിപ്പൽ സെക്രട്ടറി ഇ ടി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ഏറ്റവുമധികം ആളുകൾ ഹോം ക്വാറന്റയിനിൽ കഴിയുന്ന തിരുവാർപ്പ് പഞ്ചായത്തിൽ മന്ത്രി പി തിലോത്തമൻ സന്ദർശനം നടത്തി. ആരോഗ്യവകുപ്പിന്റെ ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘത്തിനൊപ്പമെത്തിയ മന്ത്രി പൊതുസമ്പർക്കമില്ലാതെ കഴിയുന്ന ഒരു കുടുംബവുമായി സംവദിച്ചു.   തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top