31 March Tuesday

രാജ്യാന്തര ചലച്ചിത്രമേളക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

ആത്മയുടെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള കോട്ടയം അനശ്വര തീയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

 
 
കോട്ടയം
കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ‘ആത്മ’യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത്‌ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ അനശ്വര തിയറ്ററിൽ തിരശ്ശീല ഉയർന്നു, 25ന്‌ സമാപിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ മേള ഉദ്‌ഘാടനം ചെയ്‌തു.  ലോകസിനിമയിലെ വ്യത്യസ്‌ത അനുഭവങ്ങൾ ഈ മേളകളിൽ നിന്ന്‌ ലഭിക്കും. ഇന്ന്‌ സിനിമ അക്കാദമിക വിഷയം കൂടിയാണ്‌. എന്നാൽ സിനിമ പഠിപ്പിക്കുന്നവർക്ക്‌ ഓറിയന്റേഷൻ നൽകാനുള്ള സംവിധാനം കൂടി ഒരുക്കണം –- അടൂർ നിർദേശിച്ചു. 
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി. സംവിധായകൻ സിബി മലയിൽ, അക്കാദമി ഡെപ്യൂട്ടി ഡയറക്‌ടർ എച്ച്‌ ഷാജി, കേരള ചിൽഡ്രൻസ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌, സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, നഗരസഭാധ്യക്ഷ ഡോ. പി ആർ സോന എന്നിവർ സംസാരിച്ചു. 
അടൂരിനെ ആത്മ പ്രസിഡന്റ്‌ ആർട്ടിസ്‌റ്റ്‌ സുജാതൻ പൊന്നാട അണിയിച്ചാദരിച്ചു. ഫെസ്‌റ്റിവൽ ഡയറക്‌ടർ ജോഷി മാത്യു സ്വാഗതവും ബിനോയ്‌ വേളൂർ നന്ദിയും പറഞ്ഞു. കെ വി താൻസെൻ(ആകാശവാണി) ആയിരുന്നു അവതാരകൻ.  ദിവസവും അഞ്ച്‌ പ്രദർശനം വീതമാണ്‌. വൈകിട്ട്‌ 4.30ന്‌ ഓപ്പൺ ഫോറം ഉണ്ട്‌. വെള്ളിയാഴ്‌ച ദ ക്വിൽറ്റ്‌(ഹിന്ദി), ഹവ്വാ, മറിയം, അയിഷ(പേർഷ്യൻ), കെഞ്ചിര(‌മലയാളം), രാത്രി ഡീപ്‌ വെൽ(കസാഖിസ്ഥാനി) എന്നീ ചിത്രങ്ങൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
 വൈകിട്ടാണ്‌  ഉദ്‌ഘാടനചിത്രം നാല്‌ ഓസ്‌കാർ നേടിയ ‘പാരസൈറ്റ്‌’(കൊറിയൻ) പ്രദർശിപ്പിച്ചത്‌. അനശ്വര വളപ്പിൽ പാടിപ്പതിഞ്ഞ പാട്ടുകളുമായി കലാകാരസംഘം ഉണ്ട്‌. സിഎംഎസ്‌ കോളേജിലെ മ്യൂസിക്‌ ക്ലബ്ബും ആത്മയിലെ കലാകാരന്മാരും കലാകാരികളും മാത്രമല്ല നാടൻപാട്ട്‌ സംഘവുമുണ്ട്‌. ചിത്രകാരന്മാരും വരയും കുറിയുമായെത്തും. പ്രശസ്‌തനായ സിനിഫോട്ടോഗ്രാഫർ ചിത്ര കൃഷ്‌ണൻകുട്ടിയുടെ ശേഖരത്തിലെ അപൂർവ ചിത്രങ്ങളുടെ പ്രദർശനവും തിയറ്റർ വളപ്പിൽ ഒരുക്കിയിട്ടുണ്ട്‌. വിശിഷ്ടാതിഥികളും ഈ പ്രദർശനം കാണാനെത്തി. 
 
 
പ്രധാന വാർത്തകൾ
 Top