27 September Sunday

പുരോഹിത വേഷത്തിലെത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
പാലാ
പുരോഹിതവേഷത്തിലെത്തി ഓട്ടം വിളിച്ച‌് ടാക്‌സി കാർ തട്ടിയെടുക്കാനുള്ള ശ്രമം ഡ്രൈവറുടെ അവസരോചിതമായ നീക്കം മൂലം പാളി.  പാലാ ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർ  ഉപ്പൂട്ടിൽ  ജോസിന്റെ കാർ  തട്ടിയെടുക്കാനാണ്‌ ശ്രമം നടത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ സ്റ്റാൻഡിൽ എത്തിയയാൾ മതസ്ഥാപനത്തിന്റെ ഡയറക്ടർക്ക് കൊടുക്കാനെന്ന് പറഞ്ഞ‌് ഡ്രൈവറുടെ  കാർഡ് വാങ്ങി.  ഒരു മണിക്കൂർ  കഴിഞ്ഞ് ഡയറക്ടർ എന്ന‌് പരിചയപ്പെടുത്തി ഒരാൾ വിളിച്ച്  കൊട്ടാരമറ്റത്തുനിന്ന‌്  പുരോഹിതനെ കയറ്റി മാളയ്ക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്ഥലത്ത‌് എത്തി യാത്ര തുടർന്നു. കാറിൽ കയറിയ ആൾ അങ്കമാലിയിൽനിന്ന്  മാളയ്ക്കുള്ള വഴിയിലെ സെമിനാരിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. യാത്രയ്ക്കിടയിൽ പുരോഹിത വേഷധാരി ഹോട്ടലിലും  വീട്ടിലും കയറി. അപ്പോഴെല്ലാം പുരോഹിത വേഷം മാറ്റി കാറിൽ വച്ചിട്ടാണ് പോയത്. ഇതിനിടെ ചിലർ ബൈക്കുകളിൽ ജോസിന്റെ  കാറിനെ പിന്തുടരുന്നുണ്ടായിരുന്നു.  സംശയം തോന്നിയ ഡ്രൈവർ  പാലായിലുളള സുഹൃുത്തുക്കൾക്ക് ഡയറക്ടറെന്ന് പരിചയപ്പെടുത്തിയയാളുടെ ഫോൺ നമ്പർ സഹിതം വിവരം നൽകി.  ട്രൂ കോളർ വഴി ഫോൺ നമ്പർ പരിശോധിച്ച സുഹൃുത്തുക്കൾ ഇത് വ്യാജമാണെന്ന് അറിയിച്ചു. ഇതോടെ ഭയം തോന്നിയ ഡ്രൈവർ മാള പൊലീസ് സ്‌റ്റേഷനിലേയ്ക്ക് കാർ ഓടിച്ച‌് കയറ്റി സ‌്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോൾ  പുരോഹിത വേഷത്തിൽ യാത്ര ചെയ്തയാൾ  വിവിധ കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തിരിച്ച‌് പോരാൻ പണമില്ലാതിരുന്ന ടാക‌്സി ഡ്രൈവർക്ക‌്  മാള സ‌്റ്റേഷനിലെ പൊലീസുകാർ ഇന്ധനം നിറക്കാൻ പണം നൽകി സഹായിച്ചു. തിരികെ എത്തിയ ജോസ് പാലാ പൊലീസിൽ പരാതി നൽകി.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top